നല്ല ചൂടൊള്ള അവിച്ച മരിച്ചിനി കെഴങ്ങുകളും പുളീമൊളവു കറിയും ഒത്തു ഞവിടി തിന്നണ സുഖങ്ങളാണു കാളേജില് പടിച്ചിരുന്ന കാലങ്ങളെ കുറിച്ചു ആലോയിക്കമ്പം മനസ്സിലു തോന്നണതു. എത്തറ എത്തറ നേരമ്പോക്കുകളു. പരീക്ഷ എന്ന ഒരു വില്ലനെ ഒഴിച്ചാല്‍ ബാക്കിയെല്ലാം കിടിലം തന്നാ അപ്പീ..
കല്യാണങ്ങളു കഴിക്കാത്ത ടീച്ചറന്മാര കാണമ്പം.. "എന്തരടേ ഇവരക്ക കല്യാണങ്ങളു കഴിക്കാത്തതു....തകഴീരെ 'കൊഞ്ചു' എന്ന നോവലിലെ പോലെ ഇവരിക്കും വല്ല പരീക്കുട്ടിമാരും ഒണ്ടാടെ അപ്പീ ?" എന്നൊക്കെ സ്വയം ചോയിച്ചു തല പുണ്ണാക്കിയിരുന്ന കാലം... നമ്മള ക്ലാസ്സില്‍ നാരീമണികളുടെ കൊറവു കാരണം അപ്പറത്ത ക്ലാസ്സില പ്രമീളയ്ക്കും മാലതിയ്ക്കും പഞ്ചാര വിറ്റു നടന്നതും...പ്രമീളയുടെ സെക്കന്റ് പേപ്പറിന്റെ വള്ളി ചുരിദാറിന്റെ വെളിയില്‍ ചാടി കെടക്കണതു കണ്ടപ്പഴു... .. "കുട്ടീടെ നന്മ്ക്കു വേണ്ടി ഒരു കാര്യം പറയാം...ഇതൊക്കെ കുട്ടി ഇടും എന്നു അറിയാം..എന്നു വച്ചു ഇതു ഇങ്ങനെ കാണിച്ചു കൊണ്ടു നടക്കണൊ ചെല്ലക്കിളി..." അതു പറഞ്ഞപ്പൊ അവള ചങ്കിച്ചുള്ള നിപ്പും... പന്നി അണ്ണന്റേ കടയില്‍ നിന്നും ചോറും വെട്ടി വിഴുങ്ങി ഏമ്പക്കോം വിട്ടു ക്ലാസ്സിന്റേ പെറക്കത്ത ബെഞ്ചില്‍ ഇരുന്നു ഒറക്കം തൂങ്ങുന്നതും..അങ്ങനെ എല്ലാം ഇപ്പഴും മനസ്സില്‍ ഓര്‍മകളുടെ മസ്സിലും പെരുക്കി നില്ക്കുന്നൂ...
എന്റെ എല്ലാ പോക്ക്രിത്തരത്തിനും ലവനും കൂട കാണും..ലോ...ലവന്..രഹു(രഘു)..ആറടി പൊക്കം..ഇരുണ്ട നിറം..രോമാവൃതമായ ശരീരം...ഇവനെ ആത്ത്യം കണ്ടപ്പം... തള്ളെ എവനാരടാ ജടായുവിനു ഒണ്ടായതാ എന്നു തോന്നി പോയി...പിന്നെ നമ്മള് റൂമ്മേറ്റ്സ് ആയി...പതുക്കെ പതുക്കെ അടുത്തു..അവസാനം ആത്മാവും പറങ്കിമാവും പോലെ നല്ല കൂട്ടുകാറന്മാരായി കാളേജില് അങ്ങനെ വെലസി നടന്നു..
ഞാറാഴ്ച്ച രാത്തിറി ഒമ്പതര മണി കഴിഞ്ഞാല്‍ ഹോസ്റ്റലിന്റെ മുമ്പിലത്ത ഫോണ്‍ ബൂത്തില്‍ നല്ല തെരക്കാണു..എല്ലാരും വീട്ടിലേക്കു വിളിക്കുന്നതു മിക്കവാറും ഞാറാഴ്ച്ചയാണു..ഒമ്പതര കഴിഞ്ഞാല്‍ ചാര്‍ജും കൊറവുണ്ടല്ലൊ..അന്നും പതിവു പോലെ ഫോണ്‍ ബൂത്തിലിരുന്നും നിന്നും പരസ്പരം പാര വച്ചും കോനയടിച്ചും ഓരോ പയലുകളായി ഫോണ്‍ വിളിച്ചിട്ടു തിരിച്ചു പോയി.....ഏറ്റവും അവസാനം ഫോണ്‍ വിളിക്കാന്‍ കേറിയതു നമ്മള രഹുവാണു.. വീട്ടിലേക്കു വിളിച്ചു കഴിഞ്ഞതു മുതല്‍ ലവനു എന്തരോ ഒരു എന്തരാല്‍റ്റിഫിക്കേഷന്‍...
ഞാന്‍ ചോദിച്ചു.."എന്തരടേ മൊഖം വാടീരിക്കണതു.."
"ഞാന്‍ ഒടനേ വീട്ടില്‍ പോണു..അമ്മയ്ക്കു നല്ല സുഖം ഇല്ല..നാലഞ്ജു ദെവസം പനിയായിട്ടു കെടപ്പായിരുന്നൂ..."
"ഇനി ഇപ്പം തിരോന്തരത്തിനു വണ്ടി കിട്ടോ..രാത്തിറി ഒരു പാടു താമയിച്ചില്ലെ..നാള പൊയ്യാല്‍ പോരെ ..അമ്മയ്ക്കു ഒരു ചെറിയ പനിയല്ലെ ഒള്ളൂ...വീട്ടില്‍ അച്ചനും ചേച്ചിയൊക്കെ ഇല്ലേടെ...പിന്നെന്തരു പേടിക്കാന്‍...." എവനു തടിയും പൊക്കവും മാത്തറെ ഒള്ളൂ...ആളു ഒരു മാടപ്രാവാണു കേട്ടാ..മാടിന്റെ ശരീരവും പ്രാവിന്റെ മനസ്സും എന്നു വെറുതെ മനസ്സില്‍ വിചാരിച്ചു... ലവന് അന്നു രാത്തിറി തന്നെ വീട്ടിലേക്കു പോയി..
അന്നു ഞാന്‍ കെടക്കാന്‍ നേരം ഒരു പാടു എന്തരോ ഒക്കെ ചിന്തിച്ചു...ലവനു അമ്മയ ഭയങ്കര സ്നെഹങ്ങളാണല്ലോ....എനിക്കു എന്റെ അമ്മയോടു ഇത്തറയും സ്നേഹമുണ്ടൊ?..ലവന്റ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ എന്തരു ചെയ്യുമായിരുന്നു..വീട്ടില്‍ പോകുമായിരുന്നോ? ഏയ്...ഇല്ല.....അങ്ങനെ ഓരോന്നു ആലോയിച്ചു ഒറങ്ങി പോയീ..
വീട്ടിനു മുന്നില്‍ വലിയ ആള്‍ക്കൂട്ടം...നെലവിളി...ആരയൊ തറയില്‍ കെടത്തിയിരിക്കുന്നൂ..അയ്യോ..എന്റ അമ്മ...ഞാന്‍ ഇനി എന്തരു ചെയ്യും...ശ്ശൊ എനിക്കു വയ്യേ... എന്റെ കാലും കയ്യും അനങ്ങുന്നില്ലാ...പെട്ടന്നു ഞാന്‍ ഒറക്കത്തില് നിന്നും ഞെട്ടി എഴുന്നേറ്റു...വാച്ചില്‍ സമയം നോക്കി...മണി നാലു ഇരുപതു...അടുത്തിരുന്ന മണ്കലത്തില് നിന്നും കൊറച്ചു വെള്ളങ്ങളു എടുത്തു കുടിച്ചൂ...പിന്നെ കെടന്നിട്ടു ഒറക്കം വന്നില്ലാ...സമയം എഴഞ്ഞു എഴഞ്ഞു നീങ്ങി..തിരിഞ്ഞും മറിഞ്ഞും കെടന്നു നേരം വെളിപ്പിച്ചു..
രാവിലെ ഫോണ്‍ ബൂത്ത് തൊറക്കണതിനു മുമ്പേ അതിന്റ മുന്നില്‍ കുറ്റിയടിച്ചു...ബൂത്ത് തൊറന്നൂ..ഞാന്‍ വെറച്ചു വെറച്ചു ഫോണ്‍ നമ്പര്‍ കുത്തി...ഫോണ്‍ ബെല്ലടിക്കുന്നൂ...ഹലോ എന്നു ഞാന്‍ വിളിച്ചൂ..
"എന്തരു മോനെ ഈ രാവിലേ..." "അമ്മേ ..അ.." എന്റെ ശബ്ദം മുറിഞ്ഞു..എന്റെ കണ്ണില്‍ നിന്നും ഒരു കണ്ണീര് തുള്ളി അനുവാദം ചോദിക്കാതെ ഉരുണ്ടു താഴോട്ടു വീണു..
Sunday, May 18, 2008
Subscribe to:
Post Comments (Atom)
10 comments:
ക്ഷമിക്കൂ സഹോദരാ..തല്ലരുതു...
എന്തരപ്പി ഇത്....പൊളപ്പ്കള് തൊടങ്ങിയാ....ഒള്ളത് പറയാം....നിന്നെപ്പറ്റി ഇത്രേം നിരൂവിച്ചില്ല കേട്ടാ.... ഇത്രടം വരെ വന്നിട്ട്....ഇനി വെള്ളങ്ങളെക്കെ കുടിച്ചിട്ട് പോവാം കേട്ടാ....എഴുത്ത് നിര്‍ത്തണ്ട കേട്ടാ....പിന്നെ ഒരുമാതിരി അലമ്പ് കാണിക്കരുത്....തൊടര്ന്നും എഴുതണം....അപ്പ പറഞ്ഞ പോലെ....വൈയൂട്ട് ഷാപ്പി വച്ച് കാണാം....
:-) good
അപ്പൊ രഹു മാത്രല്ല ഇയാളും ഒരു മാട്-പ്രാവ് ആണല്ലേ.
(ന്നാലും എന്റേം കണ്ണ് നിറഞ്ഞു )
തള്ളേ.. യെന്തരിത് പൊളപ്പുകളു പൊളക്കണല്ലെ അണ്ണാ
തള്ളേ ശിവ പറഞ്ഞത് തന്നാ യെനിക്കും പറയാനൊള്ളേ. നല്ല പൊളപ്പന്‍ ഡയലോഗ് ചാമ്പിയിട്ട് നീയെന്തിനെടെ അവസാനം അലമ്പാക്കിയേ? വൈയൂട്ട ഷാപ്പീ പോണോതൊക്കെ കൊള്ളാം , വാളു വെച്ചു അലമ്പാക്കരുത്.
അമ്മേന്ന്, പറഞ്ഞാ എന്താണെന്ന് അറിയില്ല ഞാനും ഇങ്ങനെയാ, താങ്കള്‍ ആരാണെന്ന് അറിയില്ല, പ്രൊഫൈല്‍ നോക്കിയില്ല പക്ഷേ ഈ കുറിപ്പ് എനിക്കിഷ്ടപ്പെട്ടു ഒന്നുമല്ലെങ്കിലും ദൂരെ അങ്ങ് ദൂരെ എന്നിനി കാണും മകനെ നിന്നെ, എന്നോര്‍ത്തിരിക്കുന്ന എന്റെ അമ്മയെ ഓര്‍ക്കാന്‍ ഒരു നിമിഷം കഴിഞ്ഞു.
അഭിനന്ദനങ്ങള്‍ സുഹൃത്തേ ഈ നല്ല നന്മയ്ക്ക്:)
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാര്ക്കും നന്ദി
നന്നായിട്ടുണ്ട്. നല്ല ഒഴുക്കുള്ള ശൈലി.
നന്ദി ഇസാദു :-)
Post a Comment