Saturday, May 24, 2008

സിലിമാ പെര വിശേഷം

അവധി ദെവസങ്ങളില്‍ ആസനത്തില്‍ വെയിലടിക്കുന്നതു വരെ കെടന്നുറങ്ങും..എഴുന്നേറ്റു കഴിഞ്ഞാല്‍ പിന്നെ പല്ലുതേക്കാതെ വീണ്ടും രണ്ടു മണീക്കൂര്‍ ടി.വി.യുടെ റിമോട്ടില്‍ ഞെക്കി ഞെക്കി... കാലിന്റെടയില്‍ കയ്യും വെച്ചു ഒടിഞ്ഞു മടങ്ങി ക്യൊസ്റ്റിയന്‍ മാര്‍ക്കു പോലെ സെറ്റിയില്‍ കെടന്നു പിന്നേ ഒരു ഉച്ച മയക്കം...ബഹദൂര്‍ ഷായുടെ സുവര്‍ണ്ണ കാലം എന്നൊക്കെ പണ്ടു സാമൂഹ്യ പാഠത്തില്‍ പടിച്ചതു പോലേ..എന്റെ സുവര്‍ണ്ണ കാലം... ആ സുവര്‍ണ്ണ കാലം ഒരു വീഞ്ഞപെട്ടിയില്‍ അടച്ചു ഓര്‍മ്മയുടെ ചരടും വരിഞ്ഞു കെട്ടി കാലമാകുന്ന പത്തായപുരയില്‍ തള്ളീട്ടു ഇന്നു കൊല്ലം മൂന്നു നാലു ആയി അണ്ണാ....എന്റെ കല്യാണത്തിനു മുമ്പുള്ള കാര്യങ്ങളാണു കേട്ടാ ഞാനീ പറഞ്ഞതു...

കല്യാണം കഴിഞ്ഞാല്‍ നിങ്ങളു ചെയ്തിട്ടില്ലാത്ത പല പരിവാടികളും ചെയ്യേണ്ടി വരും എന്നാണല്ലൊ മഹാനായ അയ്യപ്പ ബൈജു പറഞ്ഞതു...അതു വളരെ ശെരിയാണെന്നു കല്യാണം കഴിഞ്ഞതിന്റെ പിറ്റന്നു തന്നെ മനസ്സിലായി തൊടങ്ങി...രാവിലേ കുളിച്ചൊരുങ്ങി കണ്ണാടിയുടെ മുമ്പില്‍ കൊറേ നേരം..മീശ കറുപ്പിക്കലാണു മെയിന്‍ പണി...ആത്ത്യം കറുപ്പിക്കും പിന്ന തൊടയ്ക്കും..പിന്ന വീണ്ടും കറുപ്പിക്കും...എന്റെ മീശ കണ്ടിട്ടു "എന്തരടേ ഇതു ഷക്കീല തുണി ഉടുത്തതു പോലേ അവിടവിട നാലഞ്ചു എണ്ണം.." എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയാണു ഈ കറുപ്പിക്കല്‍...അങ്ങനെ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും ആയില്ലെങ്കിലും മാമുക്കോയേ പോലെ സുന്ദരനായി ഓരോ വീട്ടിലും വിരുന്നുണ്ണാന്‍ കേറി എറങ്ങണം...വെറുതേ പൊയ്യാല്‍ പോര അണ്ണാ.. കയ്യില്‍ നല്ല പോതരവൊള്ള ഒരു പൊതിയും കൊണ്ടു പോണം..തിരിച്ചു വീട്ടില്‍ വരമ്പം രാത്തിറിയാകും...ഇന്നെങ്കിലും ഒന്നു നേരേ ചൊവ്വേ ഒന്നു ഒറങ്ങണം എന്നു വെച്ചതാണു...പക്ഷെ എന്തരു പറയാന്‍...ഇന്നൊരു സിലിമയ്ക്കു പൊയ്യാല്‍ കൊള്ളാം എന്നു നമ്മുടെ ബെറ്റര്‍ ഹാഫ്‌, കൂട്ടിനു നമ്മള അനിയന്‍സും, കല്യാണം പ്രമാണിച്ചു വീട്ടില്‍ വന്നു നിക്കണ നമ്മള കസിന്‍സും..തള്ളേ..ഇന്നത്തെ ഒറക്കവും പോയികിട്ടീ..കല്യാണം കഴിച്ചതിന്റെ ക്ഷീണം എവന്മാര്‍ക്കു അറിയില്ലല്ലോ..വഴിയേ അറിഞ്ഞോളും പുള്ളരേ നിങ്ങളു...

വീട്ടിന്റടിത്തുള്ള സിലിമാ പെരയില്‍ പോയി മാത്തറം പടം കണ്ടിരുന്ന ഞാന്‍ അങ്ങനെ..എല്ലാവരുടേയും ആഗ്രഹ പ്രകാരം സിറ്റിയില്‍ പോയി പടം കാണാന്‍ സമ്മതിച്ചു..അതും സെക്കന്റു ഷോ..എല്ലാരും അറിയട്ടെ ഞാനും മോടേണ്‍ ആണെന്നു...

സിലിമാ പെരയുടെ മുമ്പിലെത്തി..ലോകത്തുള്ള എല്ല കാപെറക്കി പയലുകളും വരി വരി ആയി നിക്കണു...നമ്മളെ കണ്ടതു മുതല്‍ എല്ലാരും നമ്മളയ്‌ ആണൊ നോക്കുന്നതു എന്നൊരു സംശയം....ഞാന്‍ ഷര്‍ട്ടും പാന്റും ഒക്കെ ഇട്ടിട്ടൊണ്ടല്ലോ എന്നു ഒന്നു പിടിച്ചു നോക്കി ഒറപ്പു വരുത്തി..ചെലപ്പം പറയാന്‍ പറ്റില്ലേ.. "അണ്ണാ നിങ്ങളു നഗനനാണു കേട്ടാ.." എന്നാരെങ്കിലും വിളിച്ചു പറഞ്ഞാലൊ ?
ഇന്നു ടിക്കറ്റ്‌ കിട്ടണ കോളില്ലാ..നല്ല നെരുക്കാണല്ലൊ ? ടിക്കറ്റ്‌ കിട്ടാതിരുന്നങ്ങില്‍ തിരിച്ചു പോയി സുഖമായിട്ടു ഒന്നു കെടന്നു ഒറങ്ങായിരുന്നു എന്നു വിചാരിച്ചതേ ഒള്ളൂ..അപ്പഴെക്കും അനിയന്‍സിന്റെ ഒരു പുത്തി...പെണ്ണുങ്ങളുടെ ക്യൂവില്‍ നിന്നു നമ്മള ഫാര്യേന കൊണ്ടു ടിക്കറ്റ്‌ എടുപ്പിക്കാം...അനിയാ... നിനക്കു എന്നെ പടം കാണിച്ചേക്കാം എന്നു വല്ല നേര്‍ച്ചയും ഒണ്ടായിരുന്നോടാ ?

ടിക്കറ്റ്‌ എടുത്തു വല്ലവിതേനേം അകത്തു കേറി പറ്റി...അതാ ഒരു നാലഞ്ചു സീറ്റ്‌ നമ്മളേ മാടി വിളിക്കുന്നൂ...അവിട ചെന്നിരിന്നൂ..നമ്മള പെറകില്‍ ആരാണു ഇരിക്കണതു എന്നു ഒന്നു തളത്തില്‍ ദിനേശന്‍ നോക്കുന്ന പോലെ ഒന്നു നോക്കി...അപ്പഴേക്കും പരസ്യങ്ങളു കാണിച്ചു തൊടങ്ങി..എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട പരസ്യം..ജോസ്‌ ആലുക്കാസിന്റെ...പരസ്യത്തിലേ ചെല്ല കിളികള്‍ ആടി തൊടങ്ങി..എന്താണെന്നറിയില്ലാ ഈ പരസ്യം കാണമ്പം അടി വൈറ്റീന്നു ഒരു കുളിരു പോലെ...ഇതു ഒരു അസുഖമാണൊ ടോക്ടര്‍.. "പെണ്ണെ നിന്നെ സുന്ദരി ആക്കിയതാരു.. " എന്നു പാടി തൊടങ്ങിയതേ ഒള്ളൂ അപ്പഴേക്കും ഒരുത്തന്‍ പെറക്കേന്നു ഒറക്കെ "നിന്റെ അച്ചന്‍..." കൂട്ട ചിരി..എല്ലാരും ചിരിച്ചു കഴിഞ്ഞിട്ടും ഒരാള്‍ മാത്ത്രം ചിരി അടക്കുന്നില്ലാ..നമ്മള തലതെറിച്ച കസിന്‍...അവന്‍ ഇരുന്നു ചിരിയൊടു ചിരി..കോഴി കൊക്കരക്കുന്നതു പോലെ..ഇവനു എന്തരു.. ചിരി മണ്ടേ കേറിയാ? വീട്ടില്‍ പോയിട്ടു ഒരു ഢോസ്‌ തരാം മോനെ നിനക്കു...

ദോശം പറയരുതല്ലോ...സിലിമ തൊടങ്ങിയതും അവസാനിച്ചതും ഞാന്‍ അറിഞ്ഞില്ലാ..ഒറക്ക ഗുളിയ കഴിച്ച എഫ്ഫക്ട്‌ ആയിരുന്നു ആ പടം...

ഇന്നലേ വിചാരിച്ചതാണു ഇവനു ഒരു ഢോസ്‌ കൊടുക്കണം എന്നു.. രാവിലേ എറാത്തു ഇരുന്നു നഖവും വെട്ടിക്കോണ്ട്ടു ഇരിപ്പാണു ആശാന്‍...

"ടെയ്‌ നിന്റെ പടിത്തം എങ്ങനെ ഉണ്ടു.. "

"ഞാനാണു ക്ലാസ്സ്‌ ഫസ്റ്റ്‌.."

"നാക്കെടുത്താല്‍ കള്ളം മാത്ത്രെ പറയാവൂ.. എന്തിനടൈ നീ ഇന്നല കെടന്നു ചിരിച്ചു മരിച്ചതു..അതിനു മാത്ത്രം എന്തരാണു അതില്‍ ഇത്ത്ര തമാശ.. "

"അണ്ണാ ഞാന്‍ അതു കേട്ടു ചിരിച്ചതല്ല..വേറെ വിറ്റു അലൊയിച്ചു ചിരിച്ചതാണു...."

ഒരു ഫോണ്‍ വന്നു ഞാന്‍ അകതേക്കു പോയീ..തിരിച്ചു വന്നപ്പം ലവന്‍ ഇപ്പഴും നഖം വെട്ടിക്കൊണ്ടേ ഇരിക്കുന്നൂ.. പാവം അതില്‍ മുഴുകിപ്പോയി..അതിന്റെ കൂടെ ഓരൊ പാട്ടും എടക്കു പാടുന്നുണ്ടു...അവസാനം ഒരു പുതിയ പാട്ടു...

"പെണ്ണേ നിന്നെ ഗര്‍ഭിണി ആക്കിയതാരു..ബാബു സാര്‍ ബാബു സാര്‍.."

പാടിക്കഴിഞ്ഞു അവനു പരിസര ബോധം തിരിച്ചു കിട്ടിയപ്പം ഞാന്‍ അവന്റെ മുമ്പില്‍ സുരേഷ്‌ ഗൊപിയേ പോലെ
"ബ്ഭ പുല്ലേ.. "
"അയ്യൊ..അണ്ണാ..." പിന്നെ വാണം വിട്ട പോലെ അവന്‍ ഒരു ഓട്ടം...

അണ്ണാ... ലവന്‍ നമ്മള ഒന്നു താങ്ങിയതാണാ.. എന്റെ ഢോസിനു പകരം ലവന്റ വക ഒരു ഢോസ്‌ ആണോ ഇതു...ഏയ്‌...

Sunday, May 18, 2008

മാടപ്രാവു - മാടിന്റ ശരീരവും പ്രാവിന്റ മനസ്സും

നല്ല ചൂടൊള്ള അവിച്ച മരിച്ചിനി കെഴങ്ങുകളും പുളീമൊളവു കറിയും ഒത്തു ഞവിടി തിന്നണ സുഖങ്ങളാണു കാളേജില്‍ പടിച്ചിരുന്ന കാലങ്ങളെ കുറിച്ചു ആലോയിക്കമ്പം മനസ്സിലു തോന്നണതു. എത്തറ എത്തറ നേരമ്പോക്കുകളു. പരീക്ഷ എന്ന ഒരു വില്ലനെ ഒഴിച്ചാല്‍ ബാക്കിയെല്ലാം കിടിലം തന്നാ അപ്പീ..

കല്യാണങ്ങളു കഴിക്കാത്ത ടീച്ചറന്മാര കാണമ്പം.. "എന്തരടേ ഇവരക്ക കല്യാണങ്ങളു കഴിക്കാത്തതു....തകഴീരെ 'കൊഞ്ചു' എന്ന നോവലിലെ പോലെ ഇവരിക്കും വല്ല പരീക്കുട്ടിമാരും ഒണ്ടാടെ അപ്പീ ?" എന്നൊക്കെ സ്വയം ചോയിച്ചു തല പുണ്ണാക്കിയിരുന്ന കാലം... നമ്മള ക്ലാസ്സില്‍ നാരീമണികളുടെ കൊറവു കാരണം അപ്പറത്ത ക്ലാസ്സില പ്രമീളയ്ക്കും മാലതിയ്ക്കും പഞ്ചാര വിറ്റു നടന്നതും...പ്രമീളയുടെ സെക്കന്റ്‌ പേപ്പറിന്റെ വള്ളി ചുരിദാറിന്റെ വെളിയില്‍ ചാടി കെടക്കണതു കണ്ടപ്പഴു... .. "കുട്ടീടെ നന്മ്ക്കു വേണ്ടി ഒരു കാര്യം പറയാം...ഇതൊക്കെ കുട്ടി ഇടും എന്നു അറിയാം..എന്നു വച്ചു ഇതു ഇങ്ങനെ കാണിച്ചു കൊണ്ടു നടക്കണൊ ചെല്ലക്കിളി..." അതു പറഞ്ഞപ്പൊ അവള ചങ്കിച്ചുള്ള നിപ്പും... പന്നി അണ്ണന്റേ കടയില്‍ നിന്നും ചോറും വെട്ടി വിഴുങ്ങി ഏമ്പക്കോം വിട്ടു ക്ലാസ്സിന്റേ പെറക്കത്ത ബെഞ്ചില്‍ ഇരുന്നു ഒറക്കം തൂങ്ങുന്നതും..അങ്ങനെ എല്ലാം ഇപ്പഴും മനസ്സില്‍ ഓര്‍മകളുടെ മസ്സിലും പെരുക്കി നില്‍ക്കുന്നൂ...

എന്റെ എല്ലാ പോക്ക്രിത്തരത്തിനും ലവനും കൂട കാണും..ലോ...ലവന്‍..രഹു(രഘു)..ആറടി പൊക്കം..ഇരുണ്ട നിറം..രോമാവൃതമായ ശരീരം...ഇവനെ ആത്ത്യം കണ്ടപ്പം... തള്ളെ എവനാരടാ ജടായുവിനു ഒണ്ടായതാ എന്നു തോന്നി പോയി...പിന്നെ നമ്മള്‍ റൂമ്മേറ്റ്സ്‌ ആയി...പതുക്കെ പതുക്കെ അടുത്തു..അവസാനം ആത്മാവും പറങ്കിമാവും പോലെ നല്ല കൂട്ടുകാറന്മാരായി കാളേജില്‍ അങ്ങനെ വെലസി നടന്നു..

ഞാറാഴ്ച്ച രാത്തിറി ഒമ്പതര മണി കഴിഞ്ഞാല്‍ ഹോസ്റ്റലിന്റെ മുമ്പിലത്ത ഫോണ്‍ ബൂത്തില്‍ നല്ല തെരക്കാണു..എല്ലാരും വീട്ടിലേക്കു വിളിക്കുന്നതു മിക്കവാറും ഞാറാഴ്ച്ചയാണു..ഒമ്പതര കഴിഞ്ഞാല്‍ ചാര്‍ജും കൊറവുണ്ടല്ലൊ..അന്നും പതിവു പോലെ ഫോണ്‍ ബൂത്തിലിരുന്നും നിന്നും പരസ്പരം പാര വച്ചും കോനയടിച്ചും ഓരോ പയലുകളായി ഫോണ്‍ വിളിച്ചിട്ടു തിരിച്ചു പോയി.....ഏറ്റവും അവസാനം ഫോണ്‍ വിളിക്കാന്‍ കേറിയതു നമ്മള രഹുവാണു.. വീട്ടിലേക്കു വിളിച്ചു കഴിഞ്ഞതു മുതല്‍ ലവനു എന്തരോ ഒരു എന്തരാല്‍റ്റിഫിക്കേഷന്‍...
ഞാന്‍ ചോദിച്ചു.."എന്തരടേ മൊഖം വാടീരിക്കണതു.."
"ഞാന്‍ ഒടനേ വീട്ടില്‍ പോണു..അമ്മയ്ക്കു നല്ല സുഖം ഇല്ല..നാലഞ്ജു ദെവസം പനിയായിട്ടു കെടപ്പായിരുന്നൂ..."
"ഇനി ഇപ്പം തിരോന്തരത്തിനു വണ്ടി കിട്ടോ..രാത്തിറി ഒരു പാടു താമയിച്ചില്ലെ..നാള പൊയ്യാല്‍ പോരെ ..അമ്മയ്ക്കു ഒരു ചെറിയ പനിയല്ലെ ഒള്ളൂ...വീട്ടില്‍ അച്ചനും ചേച്ചിയൊക്കെ ഇല്ലേടെ...പിന്നെന്തരു പേടിക്കാന്‍...." എവനു തടിയും പൊക്കവും മാത്തറെ ഒള്ളൂ...ആളു ഒരു മാടപ്രാവാണു കേട്ടാ..മാടിന്റെ ശരീരവും പ്രാവിന്റെ മനസ്സും എന്നു വെറുതെ മനസ്സില്‍ വിചാരിച്ചു... ലവന്‍ അന്നു രാത്തിറി തന്നെ വീട്ടിലേക്കു പോയി..

അന്നു ഞാന്‍ കെടക്കാന്‍ നേരം ഒരു പാടു എന്തരോ ഒക്കെ ചിന്തിച്ചു...ലവനു അമ്മയ ഭയങ്കര സ്നെഹങ്ങളാണല്ലോ....എനിക്കു എന്റെ അമ്മയോടു ഇത്തറയും സ്നേഹമുണ്ടൊ?..ലവന്റ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ എന്തരു ചെയ്യുമായിരുന്നു..വീട്ടില്‍ പോകുമായിരുന്നോ? ഏയ്‌...ഇല്ല.....അങ്ങനെ ഓരോന്നു ആലോയിച്ചു ഒറങ്ങി പോയീ..

വീട്ടിനു മുന്നില്‍ വലിയ ആള്‍ക്കൂട്ടം...നെലവിളി...ആരയൊ തറയില്‍ കെടത്തിയിരിക്കുന്നൂ..അയ്യോ..എന്റ അമ്മ...ഞാന്‍ ഇനി എന്തരു ചെയ്യും...ശ്ശൊ എനിക്കു വയ്യേ... എന്റെ കാലും കയ്യും അനങ്ങുന്നില്ലാ...പെട്ടന്നു ഞാന്‍ ഒറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു...വാച്ചില്‍ സമയം നോക്കി...മണി നാലു ഇരുപതു...അടുത്തിരുന്ന മണ്‍കലത്തില്‍ നിന്നും കൊറച്ചു വെള്ളങ്ങളു എടുത്തു കുടിച്ചൂ...പിന്നെ കെടന്നിട്ടു ഒറക്കം വന്നില്ലാ...സമയം എഴഞ്ഞു എഴഞ്ഞു നീങ്ങി..തിരിഞ്ഞും മറിഞ്ഞും കെടന്നു നേരം വെളിപ്പിച്ചു..

രാവിലെ ഫോണ്‍ ബൂത്ത്‌ തൊറക്കണതിനു മുമ്പേ അതിന്റ മുന്നില്‍ കുറ്റിയടിച്ചു...ബൂത്ത്‌ തൊറന്നൂ..ഞാന്‍ വെറച്ചു വെറച്ചു ഫോണ്‍ നമ്പര്‍ കുത്തി...ഫോണ്‍ ബെല്ലടിക്കുന്നൂ...ഹലോ എന്നു ഞാന്‍ വിളിച്ചൂ..
"എന്തരു മോനെ ഈ രാവിലേ..." "അമ്മേ ..അ.." എന്റെ ശബ്ദം മുറിഞ്ഞു..എന്റെ കണ്ണില്‍ നിന്നും ഒരു കണ്ണീര്‍ തുള്ളി അനുവാദം ചോദിക്കാതെ ഉരുണ്ടു താഴോട്ടു വീണു..

Wednesday, May 14, 2008

അണ്ണാ..ഇതെന്തരു ലോകങ്ങളു അണ്ണാ

അണ്ണാ..ഇതെന്തരു ലോകങ്ങളു അണ്ണാ..കൊള്ളാം കേട്ടാ ഭൂലോകം...എത്തറ എത്തറ എഴുതുകാറന്മാരണ്ണാ ഇവിട....

ടി.വി.യില്‍ ബ്ലൊഗ്‌ ശില്‍പ ശാല കണ്ടപ്പഴേ നിരീച്ചതാണു കേട്ടാ ഒരു ബ്ലോഗ്‌ വിടണം എന്നു...അതു എങ്ങന പറ്റാനാണു...വീട്ടില്‍ നെറ്റുകളു വേണ്ടെ..... നെറ്റ്‌ നെറ്റ്‌ എന്നു തലേ കൈവെച്ചു വിളിചപ്പം..രാത്തിറി ഒരു കൊതു വലേം വാങ്ങിച്ചോണ്ടു വന്നിരിക്കണു...മറ്റാരും അല്ല....എന്റെ മൂപ്പിലാന്‍...തള്ള വെരളീന്നു കലി വന്നതാണു...പിന്ന ഞാന്‍ ക്ഷമിച്ചതു വേറൊന്നും കൊണ്ടല്ല കേട്ടാ.. വെറുതെ അടികളു വാങ്ങിച്ചു പിടിക്കന്ദല്ല എന്നു വെച്ചിട്ടാണു..

അവസാനം പറഞ്ഞു പറഞ്ഞു വായില വെള്ളം വറ്റി എന്റെ പള്ളീ..അങ്ങനെ നെറ്റ്‌ റെടി..എന്നിട്ടു ഒരു ഉപദേശങ്ങളു..സൂഷിച്ചൂം കണ്ടും ഒക്കെ വേണം അതിലു കെടന്നു പിടിക്കാനും വലിക്കാനും.. വല്ല വൈറസും പിടിച്ചിട്ടു എനിക്കു ആശൂത്തിറി വരാന്ത കേറി ഏറങ്ങാനൊന്നും വയ്യ...പറഞ്ഞില്ലന്നു വേണ്ട... ഓഹൊ..അപ്പഴു അതാണു കാര്യങ്ങളു...

അതിരിക്കട്ടു...ഞാന്‍ എന്തരു എഴുതി പൊളക്കും അണ്ണാ..രാത്തിറി വെളുക്ക വെളുക്ക കുത്തി ഇരുന്നു എഴുതീട്ടു ആരും വായിചില്ലങ്കില്‍ പങ്കം അല്ലേ അണ്ണാ....എന്തരായാലും വരണടുത്തു വച്ചു കാണാം.. അല്ല പിന്ന..

അണ്ണന്മാരേ....അപ്പികളേ...എന്റ ബ്ലൊഗുകളു ഇഷ്ടപ്പെട്ടില്ലങ്കിലു പയിലുകള വിട്ടു ചങ്കിടിച്ചു വാട്ടല്ലേ അണ്ണാ..എന്നെ ഒന്നു വെരട്ടി വിട്ടാല്‍ മതി...ഞാന്‍ ഓടി തള്ളി കൊള്ളാം...

അപ്പം ശെരി...പറഞ്ഞതു പോലേ..
ARTICLE WRITING