Saturday, October 31, 2009

കല്ല്യാണക്കുറി

കുട്ടികള്‍ സംഘങ്ങളായി മൈതാനത്തിന്റെ പല ഭാഗങ്ങളിലായി കളിക്കാന്‍ തുടങ്ങി. കൂക്കു വിളികളും, പൊട്ടിച്ചിരികളും, തര്‍ക്കങ്ങളും ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കാം. അവര്‍ അവധി ദിനം ആഘോഷിക്കുകയാണു. കുറച്ചുപേര്‍ പട്ടം പറത്തി കളിക്കുന്നു, ഒരു സംഘം ഫുട്ബോളും, മറ്റു രണ്ടു മൂന്നു സംഘങ്ങള്‍ ക്രിക്കറ്റും, അങ്ങിങ്ങായി ചിലര്‍ സൈക്കിളും ഓടിച്ചു കളിക്കുന്നു.

ബാല്‍ക്കണിയിലിരുന്നു കുട്ടികളെയും, അവരുടെ വിനോദങ്ങളും, സംസാരങ്ങളും, ചേഷ്ടകളും കണ്ടും കേട്ടുമിരിക്കാന്‍ എന്തൊരു രസം. താഴെ മൈതാനത്തു നിന്നും ഒരാള്‍ വിളിച്ചു ചോദിച്ചു.

"അനിലേട്ടാ വരുന്നില്ലേ കളിക്കാന്‍, നമ്മുടെ ടീമില്‍ ഒരാളും കൂടി വേണം. വാ ചേട്ടാ.. "
"ഞാന്‍ ഇപ്പം ഉറക്കം എഴുന്നേറ്റതേ ഉള്ളു. കുറച്ചു കഴിയട്ടെ"

ഈയിടയായി ഇങ്ങനെയാണു. അവധി ദിവസങ്ങളില്‍ രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍ പത്രം വായിച്ചു തീര്‍ന്നാലും അവിടിരിക്കും. മടി പിടിച്ചു...പിന്നെ കുറച്ചു നേരം ടി.വി കാണും, പിന്നെ വീണ്ടും കളികള്‍ കണ്ടു ബാല്‍ക്കണിയിലിരിക്കും. ഇടയ്ക്കു കളിക്കാന്‍ ക്ഷണം വന്നു കൊണ്ടിരിക്കും. ശനിയും ഞായര്‍ ദിവസങ്ങളില്‍ ബ്രേക്കുഫാസ്റ്റു മിക്കവാറും കഴിക്കാറില്ല.അതു ഒരു കപ്പ്‌ കാപ്പിയിലോ, ചായയിലോ ഒതുക്കാറാണു പതിവു. കാരണം പാചകം ചെയ്യാനുള്ള മടി തന്നെ. എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ടു എന്റെ ഏറ്റവും പുതിയ ഹോബി മടിപിടിച്ചു അലസമായി ഈ ചൂരല്‍ കസേരയില്‍ ഇരിക്കലും അതിനോടൊപ്പം നടന്നതും, നടക്കാത്തതും, നടന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ വെറുതെ ചിന്തിച്ചിരിക്കലും ആണെന്നു. എപ്പോഴാണു ഈ ഹോബി ആനന്ദകരമായ ഒരു ലഹരിയായി എന്നില്‍ പടര്‍ന്നതു. അറിയില്ല. പണ്ടു ഒരു നിമിഷ നേരം പോലും വെറുതെയിരിക്കാന്‍ സമയം കിട്ടിയിരുന്നില്ല.നാടകവും, അഭിനയവും, പാട്ടും, കഥയെഴുത്തും, ക്രിക്കറ്റ്‌ ക്ലബ്ബും എല്ലാത്തിലും
ഞാന്‍ ഉണ്ടായിരുന്നു.അന്നൊക്കെ കളികള്‍ സീസണല്‍ ആയിരുന്നു. ഓരോ സീസണിലും ഓരോ കളികള്‍. ഓണത്തിനു കുറെ സ്ഥിരം കളികള്‍, ക്രിസ്തുമസിനു വേറെ ചില കളികള്‍, വേനല്‍
അവധിക്കു മറ്റു ചിലത്‌. എറി പന്ത്‌, ഗോലി കളി, കുട്ടിയും കോലും, പാണ്ടി കളി, അങ്ങനെ എന്തൊക്കെ. എന്നാലും എറ്റവും ഇഷ്ടം വൈകുന്നേരങ്ങളില്‍ ആറ്റിലിറങ്ങി നീന്തല്‍ തന്നെയായിരുന്നു. ഇന്നിപ്പോ ആരോഗ്യത്തിനാവശ്യമായി വന്നിട്ടു കൂടി പൂളിലിറങ്ങി ഒരു അര മണിക്കൂര്‍ നീന്താന്‍ മടി.

ഗേയ്റ്റു കടന്നു പോസ്റ്റുമാന്‍ അകത്തു കടക്കുന്നതു അനിലിനു ബാല്‍ക്കണിയിലിരുന്നു കാണാം. ലെറ്റര്‍ വല്ലതും ഉണ്ടെങ്കില്‍ അയാള്‍ സിറ്റൗട്ടില്‍ ഇട്ടിട്ടു പോയിക്കൊള്ളും പിന്നെ സൗകര്യം പോലെ എടുത്തു വായിച്ചു കൊള്ളാം എന്നു കരുതുന്നതിനിടയില്‍ കോളിംഗ്‌ ബെല്ല് ശബ്ദിച്ചു. നാശം എന്നു പിറുപിറുത്തു കൊണ്ടയാള്‍ സ്റ്റെയര്‍ ഇറങ്ങി താഴെ ചെന്നു ഡോര്‍ തുറന്നു.

"ഒരു രജിസ്റ്റേഡ്‌ ഉണ്ട്‌ "

"എനിക്കോ "

"ഉം"

അയാള്‍ ഒപ്പിട്ടു ലെറ്റര്‍ വാങ്ങി. അതൊരു കല്ല്യാണക്കുറിയായിരുന്നു. ആരാ ഇതൊക്കെ ഇങ്ങനെ രജിസ്റ്റേഡാക്കി അയക്കുന്നത്‌. അയാള്‍ വിചാരിച്ചു. സ്റ്റെയര്‍ കയറി ബാല്‍ക്കണിയിലെത്തി ചൂരല്‍ കസേരയില്‍ ഇരിക്കുന്നതിനിടയില്‍ ലെറ്റര്‍ തുറന്നു.

ശ്രീജ വെഡ്സ്‌ രാജീവ്‌ കുമാര്‍
ശ്രീജ, D/O മാധവന്‍ പിള്ള ആന്റ്‌ അംബികാ
ആനപ്പറമ്പില്‍

അയാള്‍ ബാക്കി വായിച്ചില്ല.

ഭൂമി അതിന്റെ അച്ചു തണ്ടില്‍ അതിശക്തിയായും വേഗതയിലും കറങ്ങുന്നതായി അയാള്‍ക്കു തോന്നി. ശരീരം വിയര്‍ത്തു കുളിച്ചു. തൊണ്ടയില്‍ വെള്ളം വറ്റി വരണ്ടു. നെഞ്ചില്‍ ഒരു കരിങ്കല്‍ കയറ്റി വെച്ച ഭാരം അനുഭവപ്പെട്ടു. അയാള്‍ ഇരിക്കുന്ന ബാല്‍ക്കണി ഉള്‍പ്പെടുന്ന അഞ്ച്‌ നില ഫ്ലാറ്റ്‌ തകര്‍ന്നുടഞ്ഞ്‌ തരിപ്പണമായി താനും അതില്‍ ചിന്നഭിന്നമായെങ്കില്‍ എന്നയാള്‍ ആശിച്ചു.

കല്യാണക്കുറി മടക്കി കവറിലിടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു തുണ്ടു കടലാസ്‌ കഷ്ണം അതില്‍ നിന്നു ഊര്‍ന്നു താഴെ വീണു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

"ഏട്ടനു സുഖമാണോ, എന്നെ വെറുക്കരുതു. സ്വന്തം ശ്രീജ. "

അയാള്‍ ആ കടലാസ്‌ കഷ്ണം മാറോട്‌ ചേര്‍ത്തു. ഒന്നു പൊട്ടിക്കരയാന്‍ കഴിഞ്ഞെങ്കില്‍ എന്നയാള്‍ ആഗ്രഹിച്ചു. അയാള്‍ വീണ്ടും വീണ്ടും ആ കുറിപ്പ്‌ വായിച്ചു.

"ഏട്ടനു സുഖമാണോ, എന്നെ വെറുക്കരുതു. സ്വന്തം ശ്രീജ. "

ഇല്ല മോളേ ഞാന്‍ നിന്നെ വെറുക്കില്ല. ഒരിക്കലും വെറുക്കില്ല. നീ എന്റെ കണ്ണിലെ കൃഷ്ണ മണിയാണു, ജീവനാണു, ഹൃദയ സ്പന്ദനമാണു, എന്റെ എല്ലാമാണു. നാം പരസ്പരം സ്നേഹിക്കുന്നു എന്നു അറിഞ്ഞ നിമിഷമാണു എന്റെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷം. ഞാനാണു നിന്നെ ആദ്യമായി താലികെട്ടിയതു, നിന്നെ ആശ്ലേശിച്ചതു, നിന്നെ ചുംബിച്ചതു. നാം ഒരുമിച്ചു പലപല സ്വപ്നങ്ങള്‍ നെയ്തു. മരണത്തിനു പോലും നമ്മെ വേര്‍പിരിക്കാന്‍ കഴിയില്ല എന്നു നാം പല ആവര്‍ത്തി തമ്മില്‍
പറഞ്ഞു. പക്ഷേ നാം നിസ്സര കാര്യങ്ങളെ ചൊല്ലി തര്‍ക്കിച്ചു, പിണങ്ങി, എന്താണു കാരണം എന്നു ചോദിച്ചാല്‍ ഒരുത്തരവും നമ്മുടെ പക്കലില്ല. പെട്ടന്നുണ്ടായ വാക്കേറ്റത്താല്‍ ഞാന്‍ ചായക്കോപ്പ തറയില്‍ എറിഞ്ഞു പൊട്ടിച്ചു. നിന്നെ പുറത്താക്കി വാതിലടച്ചു. ഞാന്‍ ക്രോധം ശമിച്ചു നിന്നെ അന്വേഷിച്ചപ്പോള്‍ നീ എന്നെ വിട്ടു പോയി. എങ്കിലും നീ തിരികെ വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. ഞാനല്ല നിന്റെ ശത്രു, എന്റെ ക്രോധമാണു നിന്റെ ശത്രു. നിന്റെ മാത്രമല്ല എന്റേം.

നാം വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഇരു കുടുംബങ്ങളുടേയും പ്രസ്റ്റീജ്‌ ഇഷ്യൂ ആയി മാറിക്കഴിഞ്ഞിരുന്നു നമ്മുടേതല്ലാത്ത പ്രശ്നങ്ങള്‍. വിവാഹ മോചനം നേടിയ ദിവസം ഞാന്‍ നിന്റെ മുഖത്തേക്കും, നീ എന്റെ മുഖത്തേക്കും നോക്കിയില്ല. പക്ഷെ അപ്പോഴും നീ എന്റേത്‌ മാത്രമണെന്നു ഞാന്‍ ഉറപ്പിച്ചിരുന്നു, ഒരു വിഡ്ഡിയപ്പോലെ. നമുക്കു പരസ്പരം വെറുക്കാന്‍ കഴിയില്ല ഈ ജന്മം, പക്ഷെ നീ എന്റെതല്ലാതാകാന്‍ പോകുന്നു. അറവിനു കൊണ്ടു പോകുന്ന മാടിനു അവസാനമായി കുടിവെള്ളം നല്‍കുന്നതു പോലെ, എല്ലാം നഷ്ടപ്പെടാന്‍ പോകുന്ന നമുക്കു പരസ്പരം ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍, ഒന്നു സംസാരിക്കാന്‍ കഴിഞ്ഞെങ്കില്‍, നിന്റെ നെറുകയില്‍ ഒരു ചുമ്പനം തരാന്‍ കഴിഞ്ഞെങ്കില്‍...

അയാള്‍ എഴുന്നേറ്റു സാവധാനം നടന്നു മുറിക്കുള്ളില്‍ എത്തി. അലമാരയില്‍ കല്ല്യാണക്കുറിയും ആ ചെറിയ തുണ്ടു കടലാസും ഭദ്രമായി സൂക്ഷിച്ചു വെച്ചു, അതിനിടയില്‍ വിവാഹ ദിവസം അയാള്‍ അണിഞ്ഞിരുന്ന ഷര്‍ട്ടും കസവു മുണ്ടും മടക്കി വെച്ചിട്ടുണ്ടായിരുന്നു. അലമാര അടയ്ക്കുന്നതിനു മുമ്പായി വീണ്ടും അയാള്‍ ആ കുറിപ്പു വായിച്ചു.

"ഏട്ടനു സുഖമാണോ, എന്നെ വെറുക്കരുതു. സ്വന്തം ശ്രീജ."

അയാളുടെ കണ്ണുകളില്‍ ഉരുണ്ടു കൂടിയ കാര്‍മേഘം ഭാരം താങ്ങാനാവാതെ നീര്‍മണികളായി താഴോട്ടു പൊട്ടി വീണു.

മദ്യക്കുപ്പിയും ഗ്ലാസുമെടുത്തു അയാള്‍ ബാല്‍ക്കണിയിലെ ചൂരല്‍ കസേരയില്‍ വീണ്ടും ഇരിപ്പായി. താഴെ മൈതാനത്തു നിന്നും പട്ടം കയ്യില്‍ നിന്നു പറന്നു പോയ കുട്ടിയുടെ കരച്ചില്‍ അയാള്‍ക്കു അപ്പോള്‍ കേള്‍ക്കാമായിരുന്നു.
ARTICLE WRITING