Saturday, July 11, 2009

വൈരൂപ്യത്തിന്റെ സൗന്ദര്യം

സൗന്ദര്യ മത്സരത്തിനും അഭ്രപാളിയില്‍ മുഖം കാണിക്കുന്നതിനും സ്ത്രീകള്‍ക്കു ഒന്നാമതായി വേണ്ട ചേരുവക എന്താണെന്നു ഗിരിജയ്ക്കറിയാം. സൗന്ദര്യം.

പല ജോലിയ്ക്കും സൗന്ദര്യം ഒരു യോഗ്യതയായി കണക്കാക്കപ്പെടുന്നു. പക്ഷേ വൈരൂപ്യം അയോഗ്യതയായി കണക്കാക്കപ്പെടുന്നൂ എന്നു പറയാനാണു ഗിരിജയ്ക്കു ഇഷ്ടം. കസ്റ്റമര്‍ സര്‍വീസ്‌, റിസപ്ഷനിസ്റ്റ്‌, പ്രൈവറ്റു സെക്രട്ടറി, സെയില്‍സ്‌ എക്സിക്യൂട്ടീവ്‌, ബാങ്കു കാഷ്യര്‍ എന്നിങ്ങനെ അവള്‍ ശ്രമിച്ചിട്ടു കിട്ടാതെ പോയ ജോലികളുടെ പട്ടിക വളരെ നീണ്ടതാണു. പ്രൈവറ്റു സ്കൂള്‍ ടീച്ചറിനും വൈരൂപ്യം പാടില്ലാ എന്നു ഈ ഇന്റര്‍വ്യൂ കൊണ്ടു മനസ്സിലായി. ഒരു കണക്കിനു ഈ ജോലി കിട്ടാതിരുന്നതും നന്നായി. വീടിന്റെ ആധാരം ബാങ്കില്‍ അടിയറ വയ്ക്കാതെ രക്ഷപ്പെട്ടല്ലോ എന്നാണവളുടെ പക്ഷം.

വീണ്ടും പ്‌.എസ്സ്‌.സി റാങ്കു ലിസ്റ്റില്‍ പേരുണ്ടെങ്കിലും അതു കിട്ടുന്ന വരെ കാത്തിരിക്കാന്‍ അവള്‍ക്കു വയ്യ. കാരണം ആദ്യത്തെ തവണ റാങ്കു ലിസ്റ്റില്‍ പേരു വന്നപ്പോള്‍ ജോലി കിട്ടുമെന്നു അവള്‍ ആശിച്ചിരുന്നു. പക്ഷേ റാങ്കു ലിസ്റ്റിന്റെ കാലവധി കഴിഞ്ഞതിനാല്‍ ജോലിയ്ക്കുള്ള വിളി വന്നില്ല. അതിനു ശേഷമാണു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി തേടിയുള്ള അലച്ചില്‍ അവള്‍ തുടങ്ങിയതു. പക്ഷേ ഫലം കാണുന്നില്ല. കാരണം തന്റെ വൈരൂപ്യം തന്നെ.

വീതി കൂടിയ നെറ്റിത്തടം, വലിയ തുറന്ന മൂക്കു, ഉന്തിയ പല്ലുകള്‍ കാരണം പൂര്‍ണമായും അടയ്ക്കാന്‍ കഴിയാത്ത വായ, തടിച്ചു തൂങ്ങിയ ചുണ്ടുകള്‍, കറുത്തു ഇരുണ്ട നിറം, തടിച്ചു ഉരുണ്ട ശരീരം, ചുരുണ്ടു നീളം കുറഞ്ഞ തലമുടി, മുഖക്കുരു വന്നു പോയതിന്റെ കുഴിഞ്ഞ പാടുകള്‍ ഇതൊക്കെയാണു ഗിരിജയുടെ ശരീരത്തിന്റെ കോണ്‍ഫിഗറേഷന്‍.

കഴിഞ്ഞ ഓണത്തിനു ഓണക്കോടിക്കു പകരമായി തന്റെ സോഡാ കുപ്പി കണ്ണട മാറ്റി ഒരു കോണ്ടാക്റ്റു ലെന്‍സ്‌ വയ്ക്കണം എന്നു കരുതിയതാണു. പക്ഷേ ഓണക്കോടിയും ഇല്ലായിരുന്നൂ ഓണവും ഇല്ലായിരുന്നു കാരണം അതിനു മുമ്പു അവളുടെ അച്ഛന്‍ മരണപ്പെട്ടു. മോളേ...എന്ന വിളിയ്ക്കുത്തരമായി ഞാനിതാ വരുന്നൂ അച്ഛാ.. എന്നു പറയാന്‍ തനിക്കിനി കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോളാണു അവള്‍ക്കു ഏറേ സങ്കടം.

വൈകുന്നേരം ബസിറങ്ങി വീട്ടിലേയ്ക്കു നടക്കുമ്പോഴും ഗിരിജയുടെ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്നതു അച്ഛനെക്കുറിച്ചുള്ള ചിന്തകള്‍ തന്നെയായിരുന്നൂ. വയല്‍ വരമ്പിലൂടെ നടന്നു ചെന്നു പാലം കടന്നാല്‍ പടിക്കെട്ടുകള്‍ കയറി ആല്‍ത്തറയിലെത്താം. അവിടെ നിന്നു കിഴക്കോട്ടു പിന്നെയും കുറച്ചു നടന്നാല്‍ കല്ലുമ്മൂടു തറവാടായി. അതിനു മുന്നിലൂടെ കടന്നു പോകുമ്പോഴെല്ലാം അവള്‍ സല്‍മയെയും സല്‍മയുടെ ഉമ്മയെക്കുറിച്ചും ഓര്‍മ്മിക്കും. എല്ലാ പെരുന്നാളിനും സല്‍മയ്ക്കൊപ്പം ഗിരിജയ്ക്കും ഉമ്മ പുതിയ കുപ്പായം വാങ്ങി കൊടുക്കും. സല്‍മയുടെ വിവാഹത്തിനു ഉമ്മ വാങ്ങിച്ചു കൊടുത്ത നീല പട്ടു സാരി ഇന്നും ഒരു നിധിയായി ഗിരിജ സൂക്ഷിക്കുന്നുണ്ടു. സല്‍മ വിവാഹം കഴിഞ്ഞു ദുബായിലേയ്ക്കു പോയ ദിവസം ഗിരിജ ആരും കാണാതെ ഒരു എളിയ സമ്മാനം കൊടുത്തിരുന്നു. കുഞ്ഞു നാളില്‍ രണ്ടു പേരും ഒരുമിച്ചു നിന്നെടുത്ത ഫോട്ടോ പതിച്ച സ്വര്‍ണ്ണ നിറത്തിലുള്ള ഒരു ഫോട്ടോ ഫ്രെയിം. സല്‍മ അതു സ്നേഹപൂര്‍വം വാങ്ങിച്ചു മാറോടണച്ചതോര്‍ക്കുമ്പോള്‍ ഗിരിജയ്ക്കു ഇപ്പോഴും സന്തോഷം അടക്കാന്‍ കഴിയുന്നില്ല. നല്ല ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച ആ വലിയ തറവാടും അതിന്റെ മുറ്റവും അല്‍പനേരം നോക്കി നിന്നതിനു ശേഷം അവള്‍ വീണ്ടും മുന്നോട്ടു നടന്നു.

വിശന്നു തളര്‍ന്നു വീട്ടിലെത്തിയ ഗിരിജ ആദ്യം പോയതു അടുക്കളയിലോട്ടാണു. കൈയ്യും മുഖവും കഴുകി ആഹാരം കഴിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പ്രതീക്ഷിച്ച പോലെ അമ്മയുടെ ചോദ്യം വന്നു.
എന്തായി മോളേ പോയിട്ടു..
ഇന്നു ഇന്റര്‍വ്യൂ ഇല്ലായിരുന്നു
ഇനിയെന്നാ പോകേണ്ടതെന്നു പറഞ്ഞോ
ഇല്ല... അറിയിക്കാമെന്നു പറഞ്ഞു- ആ വിഷയത്തെ കുറിച്ചു അധികം സംസാരിക്കാതിരികാന്‍ അവള്‍ മനപൂര്‍വം ശ്രമിച്ചു.

പിന്നേ..നമ്മുടെ വടക്കേ പുറത്തുള്ള മുറി സതീശന്‍ ഒരാള്‍ക്കു വാടകയ്ക്കു കൊടുത്തു...നിന്റെ പുസ്തകങ്ങളും മറ്റും നടുമുറിയില്‍ എടുത്തു വച്ചിട്ടുണ്ടു..
വാടകയ്ക്കു കൊടുത്തോ ? ആരോടു ചോദിച്ചിട്ടു...അവള്‍ പരുഷമായി ചോദിച്ചു.
എന്നോടു ചോദിച്ചിട്ടാ കൊടുത്തതു...സതീശന്റെ ഒരു അകന്ന ബന്ധുവാ അയാള്‍...നമ്മള്‍ കഴിക്കുന്നതിന്റെ കുറച്ചു അയാള്‍ക്കും കൊടുത്താല്‍ അതിന്റെ കാശും തരും. സതീശന്‍ ഒരാളുടെ വരുമാനം കൊണ്ടു എങ്ങനയാ എല്ലാരും... അതിനു ഗിരിജ ഒന്നും മറുപടി പറഞ്ഞില്ല. പക്ഷേ അവളുടെ മുഖത്തു ദേഷ്യം പ്രകടമായിരുന്നു.

ചേച്ചിയും കുട്ടനും എവിടെ പോയി... കുറച്ചു സമയത്തിനു ശേഷം അവള്‍ ചോദിച്ചു. അവള്‍ കുട്ടനെ കുളിപ്പിക്കുന്നെന്നു തോന്നുന്നു..സതീശന്‍ വന്ന ദിവസമല്ലേ അവരു സിനിമയ്ക്കോ മറ്റോ പൊണൂന്നാ തോന്നുന്നതു..

അമ്മയുടെ കട്ടിലിനോടു ചേര്‍ന്നു കിടക്കുന്ന അച്ഛന്റെ മണമുള്ള, തുണികൊണ്ടുണ്ടാക്കിയ പഴയ ചാരു കസേരയില്‍ രണ്ടു കാലുകളും കയറ്റി മടക്കി വച്ചു മുഖം കസേരയില്‍ അമര്‍ത്തി ചരിഞ്ഞു കിടന്നു വിശ്രമിക്കുന്നതിനിടയില്‍ അവള്‍ അറിയാതെ മയങ്ങിപ്പോയി.

എവിടെ നിന്നോ ഒഴുകി വരുന്ന വശ്യസുന്ദരമായ ഗസലിന്റെ ഈരടികള്‍ അവളെ പാതിമയക്കത്തില്‍ നിന്നു മെല്ലെ വിളിച്ചുണര്‍ത്തി. കസേരയില്‍ നിന്നെഴുന്നേല്‍ക്കാതെ അവള്‍ ഉണര്‍ന്നു അതില്‍ തന്നെ കിടന്നു. ആ ഗാനത്തിനൊപ്പം അവളുടെ ചുണ്ടുകള്‍ ചലിച്ചു കൊണ്ടിരുന്നു. തബലയില്‍ താളം മുറുകുന്നതിനനുസരിച്ചു അവളുടെ വിരലുകള്‍ കസേരയില്‍ താളം പിടിച്ചു കൊണ്ടിരുന്നു.

കാറ്റിലാടിയുലയുന്ന തുമ്പോലകള്‍ക്കിടയിലൂടെ വെള്ളിപ്പൊട്ടു പോലെ പ്രകാശിക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍ ഒളിഞ്ഞും തെളിഞ്ഞും അവളെ നോക്കുന്നതു ജനാലയിലൂടെ അവള്‍ക്കു കാണാം. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും അവള്‍ക്കൊപ്പം ചുണ്ടനക്കുന്നതായി തോന്നി. മേഘ പടലങ്ങള്‍ വെളുത്ത പുകചുരുള്‍ പോലെ ഗാന വീചികള്‍ക്കു അനുസരണം സാവധാനം ഒഴുകുന്നതു അവള്‍ നോക്കികൊണ്ടു കിടന്നു.

ചന്ദന തിരിയുടെ പുകയും ഗന്ധവും മുറിക്കുള്ളില്‍ നിന്നും പാതിചാരിയ കതകിന്റെ പഴുതിലൂടെ പുറത്തോട്ടു നീളുന്ന ഇരുട്ടിലേയ്ക്കു അലിഞ്ഞു ചേരുമ്പോള്‍ മരണ വീട്ടിലെ ഇടനാഴിയില്‍ ഒറ്റപ്പെട്ടുപോയ ബാലികയെ പിന്തുടര്‍ന്ന കൈകള്‍ വീണ്ടും അവള്‍ക്കു മുന്നില്‍ ഒളിച്ചിരിക്കുന്ന പൊലെ തോന്നി. ഭയം കൊണ്ടവളുടെ കൈവെള്ള തണുത്തു മരവിച്ചു. അമ്മ തന്നയച്ച പാത്രവും ഭക്ഷണവും തന്റെ കയ്യില്‍ നുന്നു വഴുതി താഴെ വീഴുമോ എന്നവള്‍ സംശയിച്ചു.

മെല്ലെ അവള്‍ വാതില്‍ക്കല്‍ മുട്ടി. അകത്തേയ്ക്കു വരാന്‍ അനുവാദം കിട്ടിയെങ്കിലും മുറിക്കുള്ളിലെ ഇരുട്ടിലേയ്ക്കു കടന്നു ചെല്ലാന്‍ അവള്‍ക്കു ധൈര്യം വന്നില്ല. അവള്‍ പുറത്തു നിന്നു പതുക്കെ മുറിക്കുള്ളിലെ ലൈറ്റു ഓണ്‍ ചെയ്തു. വെള്ള ജൂബ ധരിച്ചു വെളുത്തു മെലിഞ്ഞു സുന്ദരനായ യുവാവു തബലയ്ക്കു പിന്നിലിരിക്കുന്നു. അവളുടെ മുഖത്തേയ്ക്കു അയാള്‍ നോക്കുന്നേയില്ല. അയാള്‍ ഒരു അന്ധനാണോ എന്നവള്‍ സംശയിച്ചു. സംശയത്തിന്റെ പുറംതോടിളകി യാഥാര്‍ഥ്യത്തിന്റെ ഉള്‍ക്കാമ്പു തൊട്ടറിഞ്ഞപ്പോള്‍ അവളുടെ മനസ്സൊരു ഉണ്ണികിടാവിനെ പോലെ തേങ്ങി...

അന്നു വളരെ വൈകിയും അവള്‍ക്കു ഉറക്കം വന്നില്ല. മേശ വിളക്കിന്റെ താഴെ തുറന്നു വച്ച പുസ്തകത്തില്‍ അവള്‍ എന്തോ കുത്തിക്കുറിച്ചു കൊണ്ടിരുന്നു. കുട്ടന്‍ കളിച്ചിട്ടു അലക്ഷ്യമായി വലിച്ചെറിഞ്ഞ പാവക്കുഞ്ഞു അവളെ തന്നെ നോക്കിക്കൊണ്ടു മേശപ്പുറത്തു കിടന്നു. അതിന്റെ കൈയ്യും കാലും പതുക്കെ പതുക്കെ ചലിച്ചു തുടങ്ങി. ചുണ്ടുകളില്‍ ചിരി പടര്‍ന്നു. നെഞ്ചില്‍ ജീവന്റെ തുടിപ്പു അനുഭവപ്പെട്ടു. അതൊരു പെണ്‍കുഞ്ഞിന്റെ പൂര്‍ണ്ണ രൂപം പ്രാപിച്ചു. അവള്‍ ആ കുഞ്ഞിന്റെ കണ്ണുകളെഴുതി, കവിളിലൊരു കറുത്ത മറുകണിയിച്ചു. ശാലിനി എന്നവള്‍ വിളിച്ചു. ശാലു മോളേ എന്നവള്‍ ആവര്‍ത്തിച്ചു വിളിച്ചു. കുഞ്ഞിനെ രണ്ടു കൈകള്‍ കൊണ്ടു ശ്രദ്ദയോടെ വാരിയെടുത്തു കവിളുകളില്‍ മാറി മാറി ഉമ്മ വച്ചു. ഗിരിജയുടെ കണ്ണുകളില്‍ നിന്നും അശ്രു കണങ്ങള്‍ അനുവാദം ചോദിക്കാതെ ഉരുണ്ടു വീണുകൊണ്ടിരുന്നു. സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ മാത്രമായി അവശേഷിപ്പിച്ചു ജീവിതത്തിന്റെ കലണ്ടറില്‍ നിന്നും ഒരു ദിനം കൂടി കടന്നു പോയി.

ചെന്നൈയിലെ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നു ജോലിയ്ക്കുള്ള ഓഫര്‍ ലെറ്റര്‍ ഒപ്പിട്ടു വാങ്ങുമ്പോള്‍ അവള്‍ക്കു മുന്നില്‍ മാറ്റങ്ങളുടെ വാതില്‍ പതുക്കെ തുറക്കപ്പെടുകയായിരുന്നു. റൂം മേറ്റ്‌ ഡോക്ടര്‍ അഹല്യയുമായുള്ള അടുപ്പം അവളുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. ലിപ്പൊസക്ഷന്‍, ഓര്‍ത്തോടോണ്ടിക്സ്സു, കോസ്മറ്റിക്കു സര്‍ജറി എന്നീ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സാധ്യതകള്‍ അവളുടെ ജീവിതത്തില്‍ പരീക്ഷിക്കാന്‍ അവള്‍ക്കു ധൈര്യം നല്‍കിയതു ഡോക്ടര്‍ അഹല്യയായിരുന്നു. പതുക്കെ പതുക്കെ അവളൊരു വെണ്ണക്കല്‍ ശില്‍പ്പം പോലെ സുന്ധരിയായി മാറി.

ഓണത്തിനു നാട്ടിലെത്തുമ്പോള്‍ അമ്മയ്ക്കും, ചേച്ചിയ്ക്കും, കുട്ടനും, സതീശനും ഓണക്കോടി വാങ്ങാന്‍ അവള്‍ മറന്നിരുന്നില്ല. പാലം കടന്നു ആല്‍ത്തറയിലെത്തിയപ്പോള്‍ അവളെ പഠിപ്പിച്ച ഉണ്ണി മാഷു ചോദിച്ചു. ആരാ...എവിടന്നാ..ഇവിടെ ആദ്യമായിട്ടാണോ... ഉണ്ണി മാഷു അങ്ങനെയാണു, പരിചയമില്ലാത്തവരെ കണ്ടാല്‍ അങ്ങോട്ടു കയറി പരിചയപ്പെടും. പരിചയമുള്ളവരെ കണ്ടാല്‍ കുശലാന്വേഷണം തുടങ്ങും. ഉണ്ണി മാശിന്റെ ചോദ്യത്തിനു ഉത്തരം പറയാതെ അവള്‍ മുന്നോട്ടു നടന്നു.

കല്ലുമ്മൂടു തറവാടിനു മുന്നിലെത്തിയപ്പോള്‍ സല്‍മ നാട്ടിലുള്ള കാര്യം അമ്മ പറഞ്ഞിരുന്നല്ലോ എന്നവള്‍ ഓര്‍മ്മിച്ചു. ഗേറ്റു തുറന്നു അകത്തു കയറി. കോളിങ്ങു ബെല്ലടിച്ചു. പ്രതീക്ഷിച്ച പോലെ സല്‍മ തന്നെ വാതില്‍ തുറന്നു.
ഉമ്മ ഇവിടില്ലല്ലോ....ആരാ... മനസ്സിലായില്ല..
ഞാന്‍ ഉമ്മയുടെ ഒരു പരിചയക്കാരിയാ...ഇതു പറയുമ്പോള്‍ ഗിരിജയുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു..
സല്‍മാ നിനക്കു സുഖമാണോ മോളേ എന്നവള്‍ മനസ്സില്‍ ചോദിച്ചു.

വീട്ടിലെത്തിയപ്പോള്‍ അപരിചിതയായ ഗിരിജയെക്കണ്ടു ഉമ്മറത്തിരിയ്ക്കുകയായിരുന്ന അമ്മയും ചേച്ചിയും എഴുന്നേറ്റു. കസേര തുടച്ചിട്ടു ഇരിക്കാന്‍ അമ്മ ആംഗ്യം കാണിച്ചു.
എവിടന്നു വരുന്നു..ചേച്ചി ചോദിച്ചു.
ഞാന്‍ ഗിരിജയുടെ കൂട്ടുകാരിയാണു...ഗിരിജ ഓണസമ്മാനം തന്നയച്ചിരുന്നു...അതു തരാന്‍..
അവളെന്താ വരാത്തേ..അമ്മ ചോദിച്ചു. ഞാനിതായിരിക്കുന്നൂ...എന്റെ നെറുകയില്‍ ഒന്നു തലോടി അനുഗ്രഹിക്കൂ അമ്മേ എന്നവള്‍ പറയാതെ പറഞ്ഞു.

ഓണ സമ്മനം നല്‍കി തിരിച്ചു പോയപ്പോള്‍ വടക്കേപുറത്തുള്ള മുറിയില്‍ നിന്നും ഗസലിന്റെ ഈരടികള്‍ കേട്ടു അവള്‍ വാതിലിനരികിലേയ്ക്കു പോയി. കാല്‍ പെരുമാറ്റം കേട്ടയാള്‍ ചോദിച്ചു.

"ആരാ അവിടെ.."
"ഞാന്‍ ഇതു വഴി പോയപ്പോള്‍ ചുമ്മാ ഒന്നു കയറിയതാ.."
"ഗിരിജ വന്നോ...സുഖമാണോ..."
"ഞാന്‍...ഞാന്‍...എന്നെ ഓര്‍മ്മയുണ്ടോ ..."
"ഈ മധുരമായ ശബ്ധം എങ്ങനെ മറക്കാനാ.. "
ARTICLE WRITING