Thursday, July 3, 2008

വാറുണ്ണിയുടെ ദുഖം

പൂമരചില്ലയിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികളുടെ മനോഹാരിത ജാലകപ്പഴുതിലൂടെ നോക്കി നില്‍ക്കുമ്പൊഴും വാറുണ്ണിയുടെ മനസ്സില്‍ നീറിപ്പുകയുന്ന ചില ചിന്തകള്‍ കടന്നു പോകുന്നുണ്ടായിരുന്നു.

രൂപയുടെ മൂല്യം കൂടുന്നതനുസരിച്ചു ഡോളറിന്റെ റേറ്റു താഴോട്ടു പോകുന്നതാണു വാറുണ്ണിയുടെ ഒരു ദുഖം, കാരണം മാസാമാസമുള്ള ബാങ്കു സേവിങ്ക്സു കുറയും എന്നതു തന്നെ. താന്‍ അമേരിക്കയില്‍ വന്നതോടെ ഇന്ധ്യ വികസിക്കാനും തുടങ്ങി ഡോളറിന്റെ വിലയിടിയാനും തുടങ്ങി. കഷ്ട കാലത്തിനു തല മൊട്ടയടിച്ചപ്പോള്‍ കല്ലു മഴ പെയ്തു എന്ന പ്രശസ്തമായ ഇന്നച്ചന്‍ ഡയലോഗാണു ഡോളര്‍ വിലയിടിവിനേക്കുറിച്ചു വാറുണ്ണിക്കു ചുരുക്കി പറയാനുള്ളതു.

സാലറീ ഹൈക്കാണു വാറുണ്ണിയുടെ മറ്റൊരു പ്രശ്നം. സൗന്ദര്യം നോക്കിയാണോ സാലറീ ഹൈക്കു കൊടുക്കുന്നതു എന്നാണു വാറുണ്ണിയുടെ സംശയം. തനിക്കു ആ വര്‍ഷം കിട്ടിയ ഹൈക്കു കുറവിനു കാരണം തന്റെ സൗന്ദര്യ കുറവല്ലാതെ വാറുണ്ണി മറ്റൊരു കുറവും തന്നില്‍ കാണുന്നില്ല.

ദിനം പ്രതി ഉയര്‍ന്നു കൊണ്ടിരിക്കുന്ന പെട്രോളിന്റെ വില, ജോലിയില്‍ പ്രമോഷന്‍ കിട്ടാന്‍ എടുക്കുന്ന താമസം, വര്‍ഷാ വര്‍ഷം കൂടുന്ന അപ്പാര്‍ടുമെന്റു വാടക..അങ്ങനെ നീണ്ടു നീണ്ടു പോകുന്നതാണു വാറുണ്ണിയുടെ ദുഖങ്ങളുടെ ബുള്ളെറ്റ്‌ പോയിന്‍സ്‌.

തന്റെ ദുഖങ്ങള്‍ക്കു പുറമേ മറ്റുള്ളവരുടെ ദുഖവും കൂടി ഇറക്കുമതി ചെയ്യണോ എന്ന ചോദ്യവുമായാണു അന്നു രാത്രി വാറുണ്ണി ടി.വി യുടെ മുമ്പില്‍ 'കണ്ണാടി' എന്ന പരിപാടി കാണാന്‍ ഇരുന്നതു.

മെലിഞ്ഞുണങ്ങിയ കുറേ വൃദ്ധരായ കണ്ണൂരിലെ ബീഡി തൊഴിലാളികള്‍, ദിവസവും കിട്ടുന്ന ഇരുപതു രൂപാ വേതനം കൊണ്ടു കുടുംബം പോറ്റുന്നവര്‍, കമ്മ്യൂണിസ്റ്റു പ്രസ്ത്ഥാനത്തിനു വേണ്ടി തങ്ങളുടെ നല്ല കാലം അര്‍പ്പിച്ചവര്‍. അതേ കമ്മ്യൂണിസ്റ്റു പാര്‍ട്ടി കേരളം ഭരിച്ചു കൊണ്ടിരിക്കുമ്പോഴും തങ്ങള്‍ക്കു ദുഖവും, പരിഭവവും, പരാതിയും ഇല്ല എന്നു ആത്മാര്‍ത്ഥമായി പറയുന്നവര്‍.

രാത്രിയേറെ ആയിട്ടും ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന വാറുണ്ണിയോടു ഭാര്യ ചോദിച്ചു.
"എന്താ ഉറങ്ങാത്തേ.."

മേശപ്പുറത്തിരുന്ന ജഗ്ഗില്‍ നിന്നും ഒരു ഗ്ലാസ്‌ നിറയെ വെള്ളം എടുത്തു എന്നിട്ടു അതിന്റെ പകുതി കുടിച്ചതിനു ശേഷം വാറുണ്ണി ചോദിച്ചു.
"ഈ ഗ്ലാസ്സില്‍ എന്താണു"

"പകുതി വെള്ളം ഇല്ലാ" ഭാര്യ പറഞ്ഞു.

"അതാണു നമ്മുടെ കുഴപ്പം..ഇല്ലാത്തതു മാത്രം കാണും".
ARTICLE WRITING