ബ്രേക്കു ഡാന്‍സു പഠിക്കണം എന്ന മോഹം മനസ്സില്‍ കൊണ്ടു നടക്കാന്‍ തുടങ്ങീട്ടു കുറച്ചു നാള്‍ ആയെങ്കിലും അതു പഠിക്കാനുള്ള അവസരം ഒത്തു വന്നതേയില്ല. അങ്ങനെയിരിക്കുമ്പോളാണു 'കാതലന്‍' എന്ന ചിത്രം റിലീസായതും അതിലെ ഗാനങ്ങളും നൃത്തചുവടുകളും ഒരു പോലെ ശ്രദ്ധിക്കപ്പെട്ടതും. ഊര്‍വസീ..ഊര്‍വസീ, മുക്കാല..മുക്കാബുലാ എന്നീ അതിമനോഹര ഗാനങ്ങള്‍ ഇന്ധ്യയില്‍ അങ്ങോളമിങ്ങോളം അലയടിക്കുകയും ആ ഗാനവീചികള്‍ എന്റെ മുറ്റത്തെത്തി എന്റെ മനസ്സിനെ ത്രസ്സിപ്പിക്കുകയും ചെയ്തു.
ആ ചിത്രം കണ്ടതു മുതല്‍ നടക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴും എന്തിനേറെ പറയുന്നൂ മൂത്രമൊഴിക്കുമ്പോള്‍ പോലും എന്റെ ഓരോ അവയവങ്ങളും വഴങ്ങാത്ത പല ചുവടുകളും കാണിക്കാന്‍ തുടങ്ങീ. അതു കണ്ടിട്ടു പലരും "എന്തരടാ നിനക്കു വെട്ടു വാതം പിടിച്ചാ അതാ കോച്ചു വാതം പിടിച്ചാ" എന്നു ചോദിച്ചെങ്കിലും എന്റെ മനസ്സിലിരുന്നു പ്രഭു ദേവ അണ്ണന്‍ നീ പോയി ഡാന്‍സു അഭ്യസിക്കൂ മകനേ എന്നു മന്ത്രിച്ചു കൊണ്ടേയിരുന്നൂ.
പക്ഷേ ബ്രേക്കു ഡാന്‍സു പോയിട്ടു ബ്ര എന്നു പറഞ്ഞാല്‍ പോലും ഒരു ബ്രേക്കുമില്ലാതെ ശകാര വര്‍ഷം വീട്ടില്‍ നിന്നു ഉറപ്പായതു കൊണ്ടും ആ സമയത്തു പോയി രണ്ടു എസ്സേ പഠിയെടാ എന്നു പറയുമെന്നറിയാമായിരുന്നതു കൊണ്ടും എന്റെ അമൂല്യമായ വാക്കുകള്‍ വെറുതെ പറഞ്ഞു ഞാന്‍ പാഴാക്കന്‍ പോയില്ല.
അങ്ങനെ ഡാന്‍സു പഠിക്കണം എന്ന മോഹവുമായി ചെന്നെത്തിയതു ഒരു സിംഹത്തിന്റെ മടയിലൊന്നും അല്ല മറിച്ചു എന്റെ നാട്ടുകാരനും നര്‍ത്തകനുമായ ഒരു കൂട്ടുകാരന്റടുത്തായിരുന്നു. മാസം അമ്പതു രൂപാ ഫീസ് എന്നു കേട്ടപ്പോള്‍ ചങ്കിനകത്തൊരു കിരുകിരുപ്പു അനുഭവപ്പെട്ടെങ്കിലും, അരി, പാല്‍, മീന്‍, പലവെഞ്ചനം മുതലായ സാധനങ്ങള്‍ വാങ്ങുന്ന ബാക്കി തുകയില്‍ നിന്നു അതു സൊരുക്കൂട്ടാം എന്നു തന്നെ തീരുമാനിച്ചു.
ഡാന്‍സു പഠനം അങ്ങനെ മാസങ്ങളോളം ആരും അറിയാതെ കൊണ്ടു നടന്നു. പതുക്കെ പതുക്കെ ഞാന്‍ റഗ്ഗേ, ഫങ്കി, സ്റ്റിഫ്ഫ്, ജൈവു, ഫ്ലാഷ് എന്നിത്ത്യാദി സ്റ്റെപ്പുകളൊക്കെ സ്വായത്തമാക്കി. പോട്ട് പൂരി, ഹോച്ച് പോച്ച്, ഹിക്ക് അപ്പ്, ഏഷിയാനെറ്റ് ടാലന്റ് സ്കാന്‍ എന്നിങ്ങനെ നിരവധി മത്സരങ്ങള്‍ക്കും ചുരുക്കം ചില ഉത്സവങ്ങള്‍ക്കും മാഷിന്റെ കൂടെ പോയി തുടങ്ങിയതോടെ ഫീസ് കൊടുക്കാതെ പഠിക്കാം എന്നായി. പതുക്കെ പതുക്കെ വീട്ടിലെ കലിപ്സും മാറി തുടങ്ങി.
ആയിടയ്ക്കാണു ഒരു ജ്വെല്ലറി ഉത്ഘാടനത്തോടനുബന്ദിച്ചു കോട്ടയത്തു നിന്നു ഒരു പരിപാടി ഒത്തു വന്നതു. പരിപാടിക്കായി തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കു ഒരു ഉച്ച ഉച്ചേമുക്കാലോടുകൂടി മാഷും, രമേഷും, ഞാനും മറ്റു ട്രൂപ്പു അംഗങ്ങളും യാത്ര തിരിച്ചു. യാത്രാ മദ്ധ്യേ ബോറടി ഒഴിവാക്കാന്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗം പരസ്പരം കളിയാക്കല്‍ അഥവാ കഥകളിറക്കുകയായിരുന്നു. തലയ്ക്കു മുകളിലൂടെ പോകുന്ന അടി ഏണി വച്ചു ഇരന്നു വാങ്ങാന്‍ മിടുക്കനായിരുന്ന രമേഷിനെ പറ്റിയായിരുന്നു കൂടുതല്‍ കഥകളും. അതില്‍ ഒരു കഥ ഇപ്രകാരം ആയിരുന്നു.
ഒരിക്കല്‍ രമേഷ് ട്രയിന്‍ യാത്ര ചെയ്യുകയായിരുന്നു തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്കു. എറണാകുളം കഴിഞ്ഞപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയും കൂടെ പെണ്‍കുട്ടിയുടെ അച്ഛനും ട്രയിനില്‍ കയറി. അവര്‍ക്കു സീറ്റ് കിട്ടിയതോ രമേഷിന്റെ നേരേ എതിര്‍ വശത്തും. പെണ്‍കുട്ടിയെ മാത്രമല്ല പെണ്‍പട്ടിയെ പോലും വെറുതേ വിടാത്ത രമേഷിന്റെ കണ്ണുകള്‍ സ്വാഭാവികമായും സുന്ദരിയുടെ ശരീര ശാസ്ത്രം നോക്കി രസിക്കാന്‍ തുടങ്ങി. ടീ ഷര്‍ട്ടും ജീന്‍സും അണിഞ്ഞു മുന്നിലിരുന്ന പെണ്‍കുട്ടിയെ കണ്ടു തുപ്പലിറക്കിയിരുന്ന രമേഷിന്റെ അസ്ഥാനത്തുള്ള നോട്ടം സുന്ദരിയുടെ അച്ഛന്റെ ശ്രദ്ധയില്‍ പെട്ടു.
"എന്നതാടാ താന്‍ ഈ നോക്കുന്നത്തു..താന്‍ പെണ്‍പിള്ളാരേ കണ്ടിട്ടില്ലെ". പെണ്‍കുട്ടിയുടെ അച്ഛന്‍ കുറച്ചു കടുപ്പിച്ചു തന്നെ ചോദിച്ചു. അതു കേട്ടു ഞെട്ടിയ രമേഷിനു പെട്ടന്നു പരിസര ബോധം തിരിച്ചു കിട്ടി..
"അയ്യോ ഞാന്‍ ആ ടീ ഷര്‍ട്ടിലുള്ള താജ്മഹാളിന്റെ പടം ഒന്നു നോക്കിയതാ..അല്ലാതെ... "
പെണ്‍കുട്ടിയുടെ അച്ഛന്റെ ശ്രദ്ധ അവനില്‍ നിന്നു മാറുന്നതു വരെ അവന്‍ ജനാലയിലൂടെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതു പോലെ അഭിനയിക്കാന്‍ തുടങ്ങി..പക്ഷേ കുറുക്കന്റെ കണ്ണു എപ്പോഴും കോഴി കൂട്ടിലാണല്ലോ...കുറച്ചു സമയങ്ങള്‍ക്കു ശേഷം അവന്‍ വീണ്ടും പെണ്‍കുട്ടിയെ നോക്കാന്‍ തുടങ്ങി...താമസിയാതെ രമേഷിന്റെ നോട്ടം വീണ്ടും മൂപ്പിലാന്റെ കണ്ണില്‍ പെട്ടു.
"എടാ..നിനക്കു എന്തിന്റെ കേടാ...മൂപ്പിലാന്‍ അലറി.." തള്ളേ കലിപ്പു സീന്‍ !
രമേഷ് വീണ്ടും ഞെട്ടി..എന്നിട്ടു പേടിച്ചു പേടിച്ചു പറഞ്ഞു..
"ഞാന്‍ ആ ടീ ഷര്‍ട്ടിലുള്ള താജ്മഹാളിന്റെ പടം നോക്കിയതാണു...അല്ലാതേ..."
കലി കയറിയ മൂപ്പിലാന്‍ അവനേ വിളിച്ചു കൊണ്ടു പോയി ഇപ്രകാരം മൊഴിഞ്ഞു.
"നിനക്കു താജ്മഹാള്‍ മാത്രം കണ്ടാല്‍ മതിയോടാ പന്ന പരട്ടെ...ഇന്നാ കുത്തബ് മിനാറും കൂടെ കണ്ടൊ" എന്നും പറഞ്ഞു മൂപ്പിലാന്‍ തുണി പൊക്കി കാണിച്ചെന്നും..അതിനു ശേഷം രണ്ടാഴ്ച അവന്‍ ഛര്‍ദ്ദിയും പനിയും പിടിച്ചു കിടപ്പയിരുന്നൂ എന്നും ഇടയ്ക്കു രാത്രി ഉറക്കത്തില്‍ എന്തോ കണ്ടു ഞെട്ടി ഉണരാറുണ്ടായിരുന്നു എന്നുമാണു കഥകള്‍.
വൈകുന്നേരത്തോടു കൂടി നമ്മള്‍ കോട്ടയത്തു പരിപാടി നടക്കുന്ന സ്ഥലത്തു എത്തി. സാധാരണയില്‍ന്നിന്നും വ്യെത്യസ്തമായി അന്നു അവിടെ കാണികള്‍ കൂടുതലായിരുന്നു. എന്താണിത്ര ജനപ്രളയം എന്നു ആലോചിച്ചു നില്‍ക്കേ നിലത്തു നിന്നും ഒരു നോട്ടീസ്ടുത്തു രമേഷ് വായിച്ചു.
"ഭരതനാട്ട്യം..സൗന്ദര്യ മത്സരം..വെസ്റ്റേണ്‍ ഡാന്‍സു...ടേയ് ഇന്നു ആകെ നേരമ്പൊക്കു തന്നെ..ഇന്നു നമ്മക്കു പൊളിച്ചടുക്കണം മച്ചമ്പീ... "
പച്ച മുറി അന്വേഷിച്ചു നമ്മള്‍ സ്റ്റേജിന്റേ പിന്നിലേക്കു നടന്നു നീങ്ങി..പച്ച മുറിയും പഴുത്ത മുറിയും ആദ്യം വന്ന ഭരതനാട്ട്യക്കാരും, സൗന്ദര്യ മത്സരക്കാരും കയ്യടക്കിയിരിക്കുന്നൂ. ഇടയ്ക്കു ഓരോ നാരിമണികള്‍ ഒരു മുറിയില്‍ നിന്നും അടുത്തുള്ള മുറിയിലേക്കു പിന്‍, മെയ്ക്കപ്പു, വെള്ളം മുതലായ സാധനങ്ങള്‍ എടുക്കന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടു..രണ്ടു മുറികളിലേയ്ക്കും നീളുന്ന ഇടനാഴിയുടെ അരണ്ട വെളിച്ചത്തില്‍ എവിടെ നിന്നു ട്രെസ്സു മാറ്റും എന്നറിയാതെ നമ്മളും.
അപ്പോള്‍ അതാ അവിടെ ഒരു കശണ്ടി തലയന്‍ കുടവയറന്‍ നെഞ്ജില്‍ ബാഡ്ജും കുത്തി,സ്വര്‍ണ്ണ കട്ടി ചെയ്ന്‍ കാണാന്‍ പാകത്തില്‍ തിളക്കം ഉള്ള ഷര്‍ട്ടിന്റെ മൂന്നു നാലു ബട്ടന്‍സും അഴിച്ചിട്ടു നടന്നടുത്തു. അമ്മാവാ നിങ്ങളു സ്വര്‍ണ്ണ അരഞ്ഞാണം ഇടാത്തതു നാട്ടുകാരുടെ ഭാഗ്യം! പ്രായം പത്തറുപത്തഞ്ചു ആയാലും ആഢമ്പരത്തിനു ഒരു കുറവും ഇല്ല.
നമ്മുടെ ആവലാതി ബോധിപ്പിച്ചു നോക്കിയാലൊ എന്നു രമേഷ്.
"അമ്മാവാ നമ്മള്‍ ഡാന്‍സിന്റെ ആള്‍ക്കാരാ, ഡ്രെസ്സ് ചെയ്യാന്‍ എവിടെങ്കിലും ഒരു സ്ഥലം തരപ്പെടുവൊ."
" ദാ അവിടെ പൊയ്ക്കൊ"
" അതില്‍ നിറയെ പെണ്ണുങ്ങളാ"
" എന്നാ പിന്നെ ദാ ഇവിടെ പൊയ്ക്കൊ"
"അവിടേം പെണ്ണുങ്ങളാ"
"എന്നാ ഇവിടെ നിന്നു മാറ്റിക്കോ"
അമ്മാവന്റെ ഓരൊ ചെറു ഡയലോഗിലും ഓരോ ചെറു മഴ പെയ്തു കൊണ്ടിരുന്നു..മറ്റൊന്നും അല്ല..തുപ്പല്‍ മഴ..അമ്മാവന്റെ വായയുടെ സൈടില്‍ ഒരു ചെറിയ വൈപ്പര്‍ വെയ്ക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നൂ..
ഇയാളെ കൊണ്ടു ഒരു കാര്യവും നടക്കില്ലടാ എന്ന ഭാവത്തില്‍ ഞാന്‍ പറഞ്ഞു..
"വാ നമ്മക്കു ആ സ്റ്റേജിന്റെ പിന്നിലുള്ള കര്‍ട്ടന്റെ പിറകില്‍ പോയി ഡ്രെസ്സ് ചെയ്യാം.."
"അങ്ങോട്ടു പോകരുതു..അവിടെ ആരോ വയറിളക്കി ഇട്ടിരിക്കുവ്വാ.." അമ്മാവന്‍ പറഞ്ഞു
അയ്യെ.. ആരാ ഈ പണി പറ്റിച്ചതു...പാവം ചിലപ്പൊ ആരെങ്കിലും ആദ്യമായി സ്റ്റേജില്‍ കയറിയപ്പം പേടിച്ചു അടിയൊഴുക്കുകള്‍ സംഭവിച്ചതു ആയിരിക്കാം..പേടിച്ചാ പിന്നെ ഇളകിയേ പോകൂ..കട്ടിക്കു പോകില്ല...എന്ന പിന്നേ ഇവനൊക്കെ ഒരു കോര്‍ക്കു കൊണ്ടു നടന്നൂടെ..അമ്മാവാ നിങ്ങളു ഇങ്ങനെ തൂക്കി ഇട്ടോണ്ടു നടന്നൊ, ഐ മീന്‍ ബാട്ജും തൂക്കി ഇട്ടോണ്ടു നടന്നോ...പരിപാടി അവതരിപ്പിക്കാന്‍ വരുന്നവര്‍ക്കു നിങ്ങളു സഹായവും ചെയ്യുന്നില്ല..അറ്റ് ലീസ്റ്റ് നിങ്ങള്‍ക്കു ആ വയറിളക്കം ഒന്നു വാരിയെങ്കിലും കളഞ്ഞൂടെ... എന്നിങ്ങനെ ചില ചിന്തകള്‍ മനസ്സിലൂടെ കടന്നു പോകുന്നതിനൊപ്പം അമ്മാവനും പതുക്കെ അവിടെ നിന്നും കടന്നു പോയി.
"ടെയ് നമ്മക്കു ഇവിടെ നിന്നു തന്നെ മാറ്റാം..എനിക്കു സ്റ്റേജിന്റെ പിറകില്‍ പോയി അതു ചവിട്ടി എടുക്കാന്‍ വയ്യ.." രമേഷ് പറഞ്ഞു.
ഇവിടെ നിന്നു മാറ്റിയാല്‍..അങ്കത്തിന്‍ ചേലൊത്ത കാല്‍ വടിവും പുത്തൂരം ചേകോന്റെ മെയ്യഴകും എന്ന ഭാവത്തില്‍ നിന്നിരുന്ന എന്റെ യഥാര്‍ഥ രൂപമായ കോഴി നെഞ്ചും പെന്‍സില്‍ കാലും ആരെങ്കിലും കണ്ടാല്‍ പിന്നെ കേരളാത്തീന്നു പെണ്ണു കിട്ടൂല്ലാ...മാത്രവുമല്ല വാങ്ങിച്ചപ്പോള്‍ തൂവെള്ള ആയിരുന്ന 'ഷഡ്ജം' കാലാന്തരത്തില്‍ മഞ്ഞയായി മാറിയതും, പിന്നെ അതിന്റെ പല ഭാഗവും ഉറുമ്പരിച്ചു 'നെറ്റ്വര്‍ക്കു' ആയതും ആരെങ്കിലും കണ്ടാലോ..അയ്യയ്യെ പങ്കം പങ്കം..പണി പാളിയതു തന്നെ അണ്ണാ..ഞാന്‍ സ്റ്റേജിന്റെ പിറകില്‍ പോയി നിന്നു ഡ്രെസ്സു മാറ്റന്‍ തീരുമാനിച്ചു..
കര്‍ചീഫു കൊണ്ടു മൂക്കു കെട്ടി..കാലുകള്‍ പതുക്കെ പതുക്കെ ഓരോന്നായി സൂക്ഷിച്ചു വെച്ചു...കാല്‍ പൊക്കുമ്പോള്‍ വല്ല ഭാര കൂടുതലും അനുഭവപ്പെടുന്നുണ്ടൊ എന്നൊരു സംശയം..കാല്‍ വെയ്ക്കുമ്പോള്‍ തെന്നുനുണ്ടോ എന്നും സംശയം..നാശം ഇവിടെ നല്ല വെളിച്ചവും ഇല്ല. അങ്ങനെ പിറകിലെത്തി..അപ്പോള്‍ അതാ മറ്റൊരു ബാട്ജുകാരനും കൂടെ ഒരുത്തനും "ആ വയറിളക്കി ഇവിടെ കുത്തു..ഇതിനെ കട്ടു ചെയ്തു അവിടെ ജോയിന്‍ ചെയ്യു." അപ്പം ഇതാണു അമ്മാവന്‍ പറഞ്ഞ വയറിളക്കം അല്ലേ..ഇതിനെ നമ്മുടെ ഭാഷയില്‍ പറഞ്ഞൂടായിരുന്നോ.'ഒയറു, ഒയറു'.
ഡ്രെസ്സു ചെയ്തതിനു ശെഷം അവിടെ കണക്ഷന്‍ കൊടുക്കുന്നതും നോക്കി കുറെ നേരം നിന്നു..ഇതൊരവസരമായി എടുത്തു കൊണ്ടു കമ്മിറ്റിക്കാരന്‍ അനൗണ്‍സുമന്റ് നടത്തി..
"ആരും വയറില്‍ പിടിക്കരുതു ബള്‍ബു ആടും"
അനൗണ്‍സുമെന്റെ കേട്ടു കൊണ്ടിരിക്കെ സ്റ്റേജിന്റെ പിന്നാമ്പുറത്തു ഒരു കശപിശയുടെ മണം അടിച്ചു ഞാന്‍ അങ്ങോട്ടു പോയി. ഒരു പെണ്‍കുട്ടി കരഞ്ഞു കൊണ്ടു നില്‍ക്കുന്നൂ. കുടവയറന്‍ കശണ്ടി ബാട്ജുകാരന്‍ മറ്റൊരു സ്ത്രീയും തമ്മില്‍ എന്തോ വാക്കു തര്‍ക്കം. എന്താണെന്നു മനസ്സിലാവാതെ ഞാന്‍..താമസിയാതെ കാര്യം പിടികിട്ടീ.. ഈ അമ്മാവന്‍ പെണ്‍കുട്ടീടെ 'സോഫ്റ്റ്വെയറില്‍' കയറി പിടിച്ചത്രെ.
ഓ മൈ ഗുട്നെസ്സ്!.ഈ കള്ള കിളവന്റെ ഒരു കാര്യം...രാവിലെ ആട്ടിന്‍ സൂപ്പും കുടിച്ചു, തലയില്‍ ആകപ്പാടെ ഉള്ള അഞ്ചാറു മുടിയും കറുപ്പിച്ചു ഇറങ്ങും വൃത്തി കെട്ടവന്‍...തമിഴ് നാട്ടിലേ വാട്ടര്‍ ടാപ്പിന്റെ അവസ്ഥ ആയലും ആക്രാന്തം തീരൂല..ചിലപ്പോള്‍ അറിയാതെ ഇരുട്ടില്‍ തപ്പിയപ്പം ഒരു തട കിട്ടാന്‍ വേണ്ടി പിടിച്ചതായിരിക്കുമോ..ആര്‍ക്കു അറിയാം..ഏതായാലും പറയാനുള്ള പള്ളു മുഴുവന്‍ മനസില്‍ പറഞ്ഞു കഴിഞ്ഞു.. ആരെങ്കിലും കിളവനിട്ടു ചാമ്പിയാല്‍ രണ്ടു പൊട്ടിക്കാം എന്നു കരുതി പഠിച്ച കരാട്ടെ സ്റ്റെപ്സെല്ലാം മനസ്സില്‍ ഓര്‍ത്തെടുത്തു രണ്ടടി പുറകോട്ടു മാറി നിന്നു...അതിനിടയ്ക്കു ആരോ വന്നു എന്തൊക്കെയൊ പറഞ്ഞു കാര്യങ്ങള്‍ സോള്‍വു ചെയ്യുകയും കിളവനെ ചുമന്നു മാറ്റുകയും ചെയ്തു. കൈ തെളിയാന്‍ ഒത്തു കിട്ടിയ അവസരവും പോയി.
ഡ്രെസ്സു ചെയ്തു കൊണ്ടിരിക്കെ നമ്മള്‍ നില്‍ക്കുന്നതിന്റെ നേരേ എതിര്‍ വശത്തായി ഒരു ബേക്കു എഞ്ചിന്‍ ഓട്ടോറിക്ഷാ ഗ്രീന്‍ റൂമിനോടു ചേര്‍ത്തു പാര്‍ക്കു ചെയ്തിരിക്കുന്നതു കണ്ണില്‍പ്പെട്ടതു. ഇതാരാട ഈ ചെറിയ ഇട നാഴിയില്‍ കൂടി ഇതു ഓടിച്ചു കയറ്റിയതു. അതോ ഇതിനേ ഇവിടെ കൊണ്ടു വന്നു അസ്സമ്പിള്‍ ചെയ്തതോ..അതിശയം തന്നെ..ഓട്ടോക്കു ടയര്‍ ഉണ്ടൊയെന്നു സൂക്ഷിച്ചു നോക്കി..ടയര്‍ ഉണ്ടു..അപ്പോള്‍ ആരൊ ഇതിനെ ഇവിടെ ഓടിച്ചു കയറ്റിയതു തന്നെ.. ഈ ചെറിയ വഴിയില്‍ കൂടി ഓട്ടോ ഓടിച്ച മഹാനെ ഒന്നു അനുമോദിച്ചിട്ടു തന്നെ കര്യം എന്നു കരുതി ഞാന്‍ മുന്നോട്ടു നീങ്ങി..
ഓട്ടോ റിക്ഷയുടെ അടുത്തെത്തി..അതിന്റെ പിന്നാമ്പുറം നോക്കി ഉറപ്പു വരുത്തി..അതു ഓട്ടോ തന്നെ..അതു കഴിഞ്ഞു അതിനകത്തിരിക്കുന്ന ഡ്രൈവറെ കാണാന്‍ വീണ്ടും മുന്നോട്ടു..അതു കണ്ടു ഞാന്‍ ഞെട്ടി...അതു ഒരു ബേക്കു എഞ്ചിന്‍ ഓട്ടോ ആയിരുന്നുല്ലാ..മറിച്ചു അതു ഒരു ബേക്കു ഇഞ്ചിന്‍ പെണ്‍കുട്ടിയായിരുന്നു..രണ്ടു ഇഞ്ച്ചു കനത്തില്‍ മുഖത്തു മേക്കപ്പു, ഉണ്ട കണ്ണുകള്‍, ദന്ത ഗോപുരത്തില്‍ നിന്നു പുറത്തേക്കു ചാടിയ പല്ലുകളെ കമ്പി കൊണ്ടു വരിഞ്ഞു കെട്ടിയിരിക്കുനു, ഓട്ടോയുടെ ബോഢി ഷെയ്പ്പു, കാലില്‍ രണ്ടടി പൊക്കമുള്ള ചെരുപ്പു...ടയര്‍ തോറ്റു പോകും..ചേച്ചി നിങ്ങളുടെ വീട്ടില്‍ കണ്ണാടി എന്നു പറയുന്ന സാധനം ഇല്ലേ..
അതാ മറ്റൊരു അവതാരം ഗ്രീന്‍ റൂം തുറന്നു പുറത്തോട്ടു..'വട', 'വൈശാലി' എന്ന ഓമന പെരില്‍ അറിഞ്ഞിരുന്ന നാഭിയും കാണിച്ചു, ശരീരത്തിന്റെ പുറമ്പോക്കും, ഇടവഴിയും ഇന്നാ കണ്ടൊ എന്ന ഭാവത്തില്‍ ...കണ്ണിണ കൊണ്ടു കടു മാത്രം അല്ല അണ്ണാ ഇവരൊക്കെ വറുക്കുന്നതു, മല്ലി, മുളകു, മഞ്ഞള്‍ എല്ലാം വറുക്കുന്നുണ്ടു. നമ്മുടെ സാംസ്കാരിക കേരളത്തിന്റെ പ്രേതങ്ങള്‍.
ഇങ്ങനെ പിറകില്‍ വായി നോക്കി നിന്നു കാഴ്ച്ചകള്‍ കാണ്‍കേ മുന്നില്‍ അതാ ഭരതനാട്യം തുടങ്ങാനുള്ള അനൗന്‍സുമന്റ് കേള്‍ക്കുന്നു. ഞാന്‍ സ്റ്റേജിന്റെ സൈടില്‍ നിന്നു പരിപാടി കാണാനുള്ള സ്ഥലം ഒപ്പിച്ചു..ഭരതനാട്യം തുടങ്ങി..അതു അവതരിപ്പിക്കുന്നതു ഒരു പയ്യന്‍സു ആണു..നല്ല പൊക്കം, നല്ല നിറം, മീശയില്ല...പരിപാടി തുടങ്ങിയതും കൂവലോടു കൂവല്‍. അവന്റെ നൃത്തം എല്ലാരുടെയും വായ അടപ്പിക്കുന്നതായിരുന്നു. അത്രക്കു നല്ല നൃത്തം..നല്ല മെയ്യു വഴക്കം..നല്ല താള ബോധം..നമ്മളൊക്കെ ഈ വെസ്റ്റേണെന്നും പറഞ്ഞു നടക്കുന്നതു എന്തിനാ എന്നു ചിന്തിച്ചു പോയി..പെട്ടന്നു ഞാന്‍ അവന്റെ ഫാന്‍ ആയി മാറി..നൃത്തം കഴിഞ്ഞതും വന്‍ കയ്യടി..എന്റെ മുന്നിലൂടെ പരിപാടി കഴിഞ്ഞു പോയ ആ പയ്യനെ ഞാന്‍ ആരാധനയോടെ നോക്കി.. ഒന്നു അനുമോദിക്കാം, പരിചയപ്പെടാം എന്നൊക്കെ കരുതി അവന്റെ അടുത്തോട്ടു പോയി... ഡാന്‍സു അടിപൊളിയായിരുന്നു.. വീടു എവിടയാ..പേരു എന്താണു...ഞാന്‍ ചോദിച്ചു. പുരികക്കൊടി വളച്ചു, ചുണ്ടുകള്‍ കോണിച്ചു, രണ്ടു കയ്യും ഒരു സൈടില്‍ പിടിച്ചു അവന്‍ മറുപടി പറഞ്ഞു..
"എന്റെ പേരു റെജീ..ന്നാ..." താങ്കിട തരികിട തോം..അയ്യട ഹട്ടെ ഹേയ്..
അവനെ കുറിച്ചു എന്റെ മനസ്സില്‍ തോന്നിയ എല്ലാ മതിപ്പും ഒറ്റ നിമിഷം കൊണ്ടു ഇടിഞ്ഞു പൊളിഞ്ഞു അവന്റെ തലയിലൂടെ വീണു അവന്‍ മൃതിയടഞ്ഞു..
Monday, June 16, 2008
Subscribe to:
Posts (Atom)